പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആക്രമിച്ച യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് യുവാവ്. വിനേഷിന്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. തലക്കേറ്റ പരിക്കുകള്‍ അതീവ ഗുരുതരമാണ്.
ആക്രമണം വ്യക്തിപരമായ തര്‍ക്കങ്ങളെ തുടര്‍ന്നാണെന്ന് സിപിഎം പ്രതികരിച്ചു. വാണിയംകുളം പനയൂര്‍ സ്വദേശിയാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിനേഷ്. ആശുപത്രിയിലെത്തിയ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം എംആര്‍ മുരളിയും പ്രാദേശിക സിപിഎം നേതാക്കളും ആക്രമണം വ്യക്തിപരമായ തര്‍ക്കങ്ങളെ തുടര്‍ന്നാണെന്ന് പറഞ്ഞു.
ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ രാത്രി വാണിയംകുളത്ത് വച്ച് മര്‍ദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതര്‍ ഓട്ടോയില്‍ വീട്ടില്‍ കൊണ്ടുവിട്ടത് രക്തത്തില്‍ കുളിച്ച നിലയിലാണ്. ആശുപത്രിയിയില്‍ നിന്നും അറിയിച്ച പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറിയേറ്റ് അംഗമായ വിനേഷിന്റെത് സിപിഎം കുടുംബമാണ്.അതേസമയം, കേസില്‍ ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടുപേര്‍ പിടിയിലായതായാണ് വിവരം.
















