കൊല്ലം: കൊല്ലത്ത് നിന്ന് നടുക്കുന്ന ഒരു വാർത്തയുമായാണ് ഈ പ്രഭാതം പുലർന്നത്. തെരുവുനായ്‌ക്കളുടെ മറ്റൊരു ക്രൂര ആക്രമണം കൂടി പുറത്തു വരികയാണ്. വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം ഒറ്റയ്‌ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്‌ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. ഇദ്ദേഹം തെരുവു നായ്‌ക്കളുടെ കടിയേറ്റു മരിച്ചതാണോ, മരിച്ചശേഷം മൃതദേഹം നായ്‌ക്കൾ ഭക്ഷിച്ചതാണോയെന്നതിൽ വ്യക്‌തതയില്ല.അഞ്ചുവിള കിഴക്കേതിൽ 55 വയസുകാരനായ രാധാകൃഷ്ണപിള്ളയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് തെരുവുനായ്‌ക്കൾ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ വീട്ടിൽ ശുചീകരണം നടത്താൻ എത്തിയ പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോൾ ഇദ്ദേഹം താമസിക്കുന്ന ചെറിയ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ നായ്‌ക്കൾ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ അസ്‌ഥികൂടം മാത്രമാണ് ശേഷിച്ചത്.













