ക്വിറ്റോ : ഡീസല്‍ സബ്‌സിഡി അവസാനിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയ്‌ക്കു നേരെ വധശ്രമം. നൊബോവയുടെ കാര്‍ വളഞ്ഞ പ്രതിഷേധക്കാര്‍ വെടിയുതിര്‍ക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ തീവ്രവാദം, വധശ്രമം എന്നി കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം നൊബോവയുടെ പ്രതിഷേധക്കാര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നതായും ആരോപണമുണ്ട്. പ്രായമായ സ്ത്രീകളും പോലീസിന്റേയും സൈന്യത്തിന്റേയും ക്രൂര മര്‍ദ്ദനത്തിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡീസല്‍ സബ്സിഡികള്‍ അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 16 ദിവസം മുന്‍പ് രാജ്യത്ത് പണിമുടക്ക് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ മാര്‍ച്ചും റോഡ് ഉപരോധവും നടന്നു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഈ നടപടി ചെറുകിട കര്‍ഷകരുടെ ഉള്‍പ്പെടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
അതേ സമയം ഇക്വഡോർ പ്രസിഡന്റിനെ ആക്രമിക്കുന്നത് ഇതാദ്യമായല്ല. സെപ്റ്റംബറിൽ ഇംബാബുറ പ്രവിശ്യയിൽ ഒരു പ്രതിഷേധത്തിനിടെ നയതന്ത്രജ്ഞർക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പ്രസിഡന്റ് നൊബോവയുടെ വാഹനവ്യൂഹത്തെ ഏകദേശം 350 പേർ ആക്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാറകൾ, പടക്കങ്ങൾ, മൊളോടോവ് കോക്ടെയിലുകൾ എന്നിവ ഉപയോഗിച്ച് അക്രമികൾ വാഹനവ്യൂഹത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു.
പൊതുചെലവ് കുറയ്‌ക്കുന്നതിനായി ഡീസലിനുള്ള സബ്‌സിഡി നിർത്തലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതുമുതൽ ഇക്വഡോർ വൻ പ്രതിഷേധങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഒരു സാധരണ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
















