നൂറ് വര്‍ഷങ്ങള്‍ ആര്‍എസ്എസ് പൂര്‍ത്തിയാക്കുമ്പോള്‍ ജനജീവിതത്തിന്റെ സമസ്ത മേഖലയിലും സംഘത്തിന്റെ പ്രഭാവം കാണാം. സംഘം അതിന്റെ പ്രവര്‍ത്തന പദ്ധതിക്ക് മാറ്റങ്ങള്‍ വരുത്തിയില്ല. ശാഖാ പദ്ധതിക്ക് മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ദേശീയതയില്‍ ഊന്നിയ സ്വഭാവ രൂപീകരണവും രാഷ്‌ട്രസേവനത്തിനായി സമര്‍പ്പണം ചെയ്ത വ്യക്തിനി
ര്‍മാണവും ശാഖകളില്‍ നടക്കുന്നു. അതേസമയം രാഷ്‌ട്രജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സംഘസംസ്‌കാരം ഉള്‍ക്കൊണ്ട വ്യക്തിത്വങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്നു. ഹിന്ദുത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയ രാഷ്‌ട്രീയ സംസ്‌കാരമാണ് ഭാരതത്തെ ഇന്ന് നയിക്കുന്നത്. കോളനിവാഴ്ചയുടെ ആലസ്യത്തില്‍നിന്നും ഇനിയും മോചനം നേടാത്ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെയും മറ്റ് വൈദേശിക തത്വശാസ്ത്രങ്ങളെയും ജനത തിരസ്‌കരിച്ചിരിക്കുന്നു. ഭാരതത്തിന്റെ ആത്മാവിനെ തട്ടിയുണര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ സംഘത്തിന്റെ കുടുംബത്തില്‍നിന്നും വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ-തൊഴില്‍-കൃഷി, വിദ്യാര്‍ത്ഥി-അധ്യാപക-വിദ്യാഭ്യാസ-കല-നിയമം-സഹകരണ-വനവാസി-ആത്മീയ-കായിക-സേവന-മാധ്യമ-ബൗദ്ധിക മേഖലകളിലെല്ലാം ഇന്ന് നിര്‍ണായക പങ്ക് വഹിക്കുന്നു.
ചുരുക്കത്തില്‍, സംഘത്തിന്റെ പ്രഭാവം ഇന്ന് എല്ലാ മേഖലകളിലും കാണാം. ജാതിപരമായ വേര്‍തിരിവുകളും അനൈക്യവും അയിത്തവും അനാചാരങ്ങളും ഹിന്ദുവിന്റെ സാമൂഹ്യ മണ്ഡലത്തെ ഏറെ ദുര്‍ബലമാക്കിയിരുന്നു. നീണ്ട നാളത്തെ വൈദേശിക ഭരണം ഹിന്ദുവിന്റെ ചിന്താമണ്ഡലത്തെയും ആത്മവിശ്വാസത്തെയും തകര്‍ത്തിരുന്നു. ഇസ്ലാമിക ഭരണം പല പ്രവിശ്യകളെയും ദേശീയ ജീവിതത്തില്‍നിന്നും അകറ്റി. രാജ്യവിഭജനം അതിന്റെ ബാക്കിപത്രമാണ്. അതുപോലെ വിഭാഗീയതയുടെ ശക്തികളെ വളര്‍ത്തിയാണ് ബ്രിട്ടീഷുകാര്‍ ഭാരതത്തെ അടക്കിവാണത്. ഇസ്ലാമിക ശക്തികള്‍ മതപരമായ ആക്രമണം നടത്തിയപ്പോള്‍ ബ്രിട്ടീഷുകാര്‍ സാംസ്‌കാരികമായാണ് ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ സംഘത്തിന്റെ മുന്നിലെ ലക്ഷ്യം വളരെ വലുതായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അടക്കിവാണ നാളുകളില്‍ വളരെ നിശബ്ദമായാണ് സംഘപ്രവര്‍ത്തനങ്ങള്‍ വളര്‍ന്നത്.
സംഘത്തിന്റെ പ്രവര്‍ത്തന പദ്ധതിയും സാമൂഹ്യ സമരസതയും ഹിന്ദുസമൂഹത്തിന്റെ സാംസ്‌കാരിക-രാഷ്‌ട്രീയ മണ്ഡലത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വനവാസി-പിന്നാക്ക മേഖലകള്‍ ഇന്ന് മതപരമായ ചൂഷണശക്തികളില്‍നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു. സാംസ്‌കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികാസത്തിന് വേദിയൊരുക്കാന്‍ സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് കഴിയുന്നു. അഴിമതിമുക്തമായ ഭരണക്രമവും രാഷ്‌ട്രീയ മണ്ഡലവും സൃഷ്ടിക്കാന്‍ സംഘസംസ്‌കാരം ഉള്‍ക്കൊണ്ട രാഷ്‌ട്രീയ പ്രസ്ഥാനത്തിന് കഴിയുന്നു. വികസന രാഷ്‌ട്രീയ പാതയില്‍ ഇന്ന് ഭാരതം മുന്നേറുകയാണ്. ഭാരതത്തിന്റെ ഭരണം നിര്‍വഹിക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ, നിരവധി മുഖ്യമന്ത്രിമാര്‍ തുടങ്ങി നിലവില്‍ ഇന്ന് പൊതുജീവിതത്തില്‍ പുതിയ മാതൃകയായി മാറാന്‍ സ്വയംസേവകര്‍ക്ക് കഴിയുന്നു എന്നതുതന്നെ ശതാബ്ദി വര്‍ഷത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. സംഘം വിഭാവനം ചെയ്യുന്ന ‘രാഷ്‌ട്രത്തിന്റെ പരംവൈഭവം’ ഏറെ അകലെയല്ല എന്നതും എടുത്തുപറയേണ്ടതാണ്. സര്‍ക്കാര്‍ മുന്നില്‍ വയ്‌ക്കുന്ന ‘വികസിത ഭാരത’ത്തിന്റെ പിന്നിലെ ദര്‍ശനം അതാണ് സൂചിപ്പിക്കുന്നത്. ലോകത്തിനാകെതന്നെ മാതൃകയാവാന്‍ ഭാരതത്തിന് ഇന്ന് കഴിയുന്നു. സാമൂഹിക-രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ സംശുദ്ധിയുള്ള മാതൃകാ വ്യക്തിത്വങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നു. സാംസ്‌കാരിക ദേശീയത ഭാരതത്തിന്റെ സമഗ്ര പുരോഗതിക്കുള്ള വഴി തുറന്നിരിക്കുന്നു.
സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍
ആര്‍എസ്എസ് നൂറു സംവത്‌സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ഭാഗത്ത് നേട്ടങ്ങളുടെ വലിയ പട്ടികതന്നെയുണ്ട്. മറുവശത്ത് ഇനിയും ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുള്ള വലിയ ദൗത്യവുമുണ്ട്. സംഘത്തിന്റെ പ്രഭാവം വര്‍ധിക്കുന്നതു പോലെ സംഘ പ്രസ്ഥാനങ്ങള്‍ക്കെതിരായ പ്രചാരണ യുദ്ധവും അവഗണിക്കാന്‍ കഴിയില്ല. രാജ്യാന്തര ശക്തികളുടെ പിന്‍ബലത്തിലാണ് സംഘവിരുദ്ധ പ്രചാരണം നടക്കുന്നത്. ഹിന്ദുത്വ ദേശീയതക്കെതിരായും, രാഷ്‌ട്രത്തിന്റെ അഭിമാനബിംബങ്ങളെയും അപമാനിക്കുന്ന തരത്തിലും വമ്പിച്ച പ്രചാരണം നടക്കുന്നു. രാജ്യവിരുദ്ധ ശക്തികളും ഇവരോടൊപ്പം അണിനിരക്കുന്നു. ഭാരതത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയും, ജനാധിപത്യ വ്യവസ്ഥയെയും തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളും നിസാരമായി കാണാന്‍ കഴിയില്ല. ആര്‍എസ്എസിന്റെ ആശയപരമായ മുന്നേറ്റത്തിലൂടെ മാത്രമേ രാഷ്‌ട്രവിരുദ്ധ ശക്തികളെ തടയാന്‍ കഴിയൂ. ചുരുക്കത്തില്‍ 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടാണ്, ഒപ്പം സംഘപ്രസ്ഥാനങ്ങളുടെ ദൗത്യനിര്‍വഹണത്തിന്റെ വിജയം കുറിക്കുന്ന നൂറ്റാണ്ടുകൂടിയാണ്.
(അവസാനിച്ചു)
















