ശ്രീനഗർ : സർക്കാർ വാഹനങ്ങളിലെ കോൺഗ്രസ് പോസ്റ്റർ പ്രമോഷനെതിരെ ജമ്മുകശ്മീർ ബിജെപി വക്താവ് അൽതാഫ് താക്കൂർ. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് താരിഖ് ഹമീദും മുതിർന്ന നേതാവ് ഗുലാം അഹമ്മദ് മിറും സർക്കാർ വാഹനങ്ങളിൽ രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് പ്രമോഷനുകൾ നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.
ഔദ്യോഗിക സ്വത്തിന്റെ ഗുരുതരമായ ദുരുപയോഗം ആണെന്നും ഇത് കോൺഗ്രസ് പാർട്ടിയുടെ നിരാശയുടെ പ്രതിഫലനമാണെന്നും അദേഹം വിശേഷിപ്പിച്ചു. രാഷ്‌ട്രീയ പ്രമോഷനു വേണ്ടി സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് അധാർമ്മികവും പൊതുവിഭവങ്ങളുടെ ദുരുപയോഗത്തിന് തുല്യവുമാണ്. ഒരിക്കൽ ഉന്നത പദവികൾ വഹിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രീയ പ്രചാരണത്തിനായി സർക്കാർ സ്വത്തുക്കൾ ഉപയോഗിക്കുന്നതിലേക്ക് താഴ്ന്നത് ലജ്ജാകരമാണ്. ഇത് അവരുടെ നിരാശയും ഭരണ മാനദണ്ഡങ്ങളോടുള്ള അവഗണനയും തുറന്നുകാട്ടുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ സംഭവം ഗൗരവമായി കാണാനും ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും വക്താവ് ജമ്മു കശ്മീർ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ സ്വത്ത് ഒരു രാഷ്‌ട്രീയ പാർട്ടിയുടേതുമല്ല, ജനങ്ങളുടേതാണ്. അത്തരം പ്രവർത്തനങ്ങൾ മാന്യത ലംഘിക്കുക മാത്രമല്ല, തെറ്റായ മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകളിൽ ഏർപ്പെടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി സർക്കാർ പൊതുജനക്ഷേമം, സുതാര്യത, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണെന്ന് താക്കൂർ വ്യക്തമാക്കി. കൂടാതെ പോസ്റ്റർ രാഷ്‌ട്രീയം ഒഴികെ കോൺഗ്രസിന് ജനങ്ങളെ കാണിക്കാൻ മറ്റൊന്നില്ല. അവരുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവരുടെ വിശ്വാസ്യത കുറയുന്നതും പ്രസക്തി നിലനിർത്താനുള്ള അവരുടെ വ്യഗ്രതയെ വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















