വയനാട്: ബ്രഹ്മഗിരിയിലെ നിക്ഷേപകര്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു.ഒക്ടോബര്‍ 16 ന് ബ്രഹ്മഗിരി ആസ്ഥാനത്ത് മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനം.
പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഡയറക്ടര്‍മാരുടെ വീടുകളിലേക്കും പ്രകടനം നടത്തുമെന്നും നിക്ഷേപകര്‍ പറഞ്ഞു. നിരാഹാര സമരം ഉള്‍പ്പെടെ നടത്തും. ഞായറാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സമരത്തിനുളള തീരുമാനം നിക്ഷേപകര്‍ എടുത്തത്.
ബ്രഹ്മഗിരി ഡെവലപ്പ്ന്റ് സൊസൈറ്റിയില്‍ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളും സഹകരണ സംഘങ്ങളും കോടികള്‍ നിക്ഷേപിച്ചത് നിയമം ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപങ്ങള്‍ നിയമം അട്ടിമറിച്ചാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത് വന്നിരുന്നു. നിക്ഷേപിച്ച പണം കിട്ടാതായതോടെ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകള്‍ തന്നെ ബ്രഹ്മഗിരിക്കെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ട്.
ബ്രഹ്മഗിരി ഡെവലപ്പ്ന്റ് സൊസൈറ്റിയിലേക്ക് വ്യക്തികള്‍ക്ക് പുറമെ സഹകരണ മേഖലയില്‍ നിന്ന് കോടി കണക്കിന് രൂപയാണ് സിപിഎം നേതാക്കള്‍ കൊണ്ടു വന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്നും ഇടത് അനുകൂല സഹകരണ സംഘങ്ങളില്‍ നിന്നുമായിരുന്നു പണം എത്തിച്ചത്.. കോഴിക്കോട് ജില്ലയിലെ ബാങ്കുകളില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയോളം രൂപയാണ് എത്തിച്ചതെന്നാണ് സൂചന.
















