ഷാജു. കെ. കടമേരി
നീലയമരിക്കാട് പറിച്ച് വരുന്ന കാറ്റ്
കമലേച്ചിയുടെ ഒറ്റമുറി വീട്ടിലേക്ക്
പലവട്ടവും ഇരച്ച് കയറി വരും .
നാട്ടിട വഴികള്‍ കൂട്ടിമുട്ടുന്ന
തോട്ടുവക്കത്തെ
വീട്ട് വരാന്തയിലിരുന്ന്
ഇരുപത്തഞ്ച് കഴിഞ്ഞ മകന്
ചോറ് മോരും കൂട്ടി കുഴച്ച്
വാരികൊടുക്കുന്ന കമലേച്ചി
ഞങ്ങളുടെ
നാട്ടുവര്‍ത്തമാനങ്ങളില്‍
പലപ്പോഴും കഥാപാത്രമാവും .
കൊടും വെയില്‍ത്തുള്ളികള്‍
ജീവിതം പകര്‍ത്തുന്ന
നഗരത്തിരക്കില്‍
നീലയമരി ചേര്‍ത്ത
കാച്ചിയ വെളിച്ചെണ്ണയുമായ്
വഴിയോര കച്ചവടക്കാരിയായ്
കമലേച്ചി ആള്‍തിരക്കുകളില്‍
ഞങ്ങളെ അതിശയിപ്പിക്കും
പല അടുക്കളകളിലും
അവര്‍ മകന് വേണ്ടി
ചൂടും പുകയും ചുമന്ന്
വിയര്‍ത്ത് കിതച്ചു
കമലേച്ചിയുടെ ജീവിതത്തിന്റെ
രണ്ടാം ഭാഗം വായിക്കുമ്പോള്‍
അടയുന്ന ജീവിതത്തിന്റെ
വാതിലുകള്‍ക്കിപ്പുറം
ഇരുട്ട് പുതച്ചുറങ്ങുന്ന
കമലേച്ചിയുടെ വീട്
മകന്റെ ഭാര്യ അടക്കി ഭരിക്കുന്ന
മണിമാളിക
ഇന്നലെ പെട്ടെന്നൊരു
നിമിഷത്തില്‍
വൃദ്ധ സദനത്തിലെ
ഒരു കോണില്‍
ആരെയോ കാത്തിരിക്കുന്ന
ഒരു അമ്മയുടെ മുഖത്തിന്
കമലേച്ചിയുടെ
അതേ ഛായ
അതേ നോട്ടം
അതേ ചിരി
വെയില്‍ നനയുന്ന
വഴികള്‍ക്കപ്പുറം
ഓര്‍മ്മകളെ ചികഞ്ഞ്
തിരിച്ചിറങ്ങുമ്പോള്‍
അവരുടെ മുഖത്ത്
ഒരു നിസ്സംഗത മാത്രം
അല്ലെങ്കിലും മനസ്സ്
മരവിച്ചു പോയവര്‍ക്ക്
ഒരിക്കലും കരയാനാവില്ലല്ലോ
















