വാഷിംഗ്ടൺ: കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ തെലങ്കാനയിൽ നിന്നുള്ള രണ്ടാമത്തെ യുവാവിന്റെ കൊലപാതകം അമേരിക്കയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. തെലങ്കാനയിലെ ഹൈദരാബാദ് എൽബി നഗർ സ്വദേശിയായ പോൾ ചന്ദ്രശേഖറിനെയാണ് അമേരിക്കയിലെ ഡാളസിൽ കൊള്ളക്കാർ ക്രൂരമായി വെടിവച്ചു കൊന്നത്.
ബിഡിഎസ് പൂർത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹം യുഎസിലേക്ക് പോകുകയിരുന്നു. ഹൈദരാബാദിലെ ഒരു കോളേജിൽ നിന്ന് 25 കാരനായ ചന്ദ്രശേഖർ ഡെന്റൽ സർജറിയിൽ ബിരുദം നേടി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെ ഡാളസിലേക്ക് പോയി. അവിടെ ഉന്നത വിദ്യാഭ്യാസം നേടുകയും ഒരു പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലിയുമായി തന്റെ സ്വപ്നങ്ങൾ പിന്തുടരുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം രാവിലെ പെട്രോൾ പമ്പിൽ അതിക്രമിച്ചു കയറിയ അജ്ഞാത കൊള്ളക്കാർ യുവാവിനെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ വെടിയുതിർക്കുകയായിരുന്നു. ചന്ദ്രശേഖറിന്റെ നെഞ്ചിൽ രണ്ട് തവണ വെടിയേറ്റു. തുടർന്ന് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിച്ചു. ഡാളസ് പോലീസ് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേ സമയം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ അനുശോചന ട്വീറ്റ് ചെയ്യുകയും മൃതദേഹം എത്രയും വേഗം തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഈ സംഭവത്തിന് ഏകദേശം 15 ദിവസം മുമ്പ് തെലങ്കാനയിൽ നിന്നുള്ള മറ്റൊരു യുവാവ് യുഎസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ടിരുന്ന്. തെലങ്കാനയിലെ മഹ്ബൂബ് നഗർ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീൻ ആണ് കൊല്ലപ്പെട്ടത്. അക്രമി ഇയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
















