കോട്ടയം: ഞായറാഴ്ച നടക്കാനിരുന്ന എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അടിയന്തരയോഗം മാറ്റിവച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് രാവിലെ 11 മണിക്ക് യോഗം ചേരാനായിരുന്നു തീരുമാനം. ശബരിമല ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് എടുത്ത നിലപാടുകളും അയ്യപ്പസംഗമത്തിലെ പങ്കാളിത്തവും അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു കരുതിയിരുന്ന യോഗമാണ് മാറ്റിയത്. നിലപാടുകള്‍ സംബന്ധിച്ച് സുകുമാരന്‍ നായര്‍ യോഗത്തില്‍ വിശദീകരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.
യോഗത്തില്‍ എല്ലാ യൂണിയന്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ചില യൂണിയന്‍ ഭാരവാഹികള്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിവെച്ചതെന്നാണ് അറിയുന്നത്.
















