തിരുവനന്തപുരം: വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തലസ്ഥാനത്തും കോടികളുടെ ഇടപാട്. മുഖ്യമന്ത്രിയുമായും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും അടുത്തിടപഴകുന്ന പോറ്റിക്ക് സ്വകാര്യ പണമിടപാടും പലിശ ഭീഷണിയുമുള്‍പ്പെടെയുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഉന്നതര്‍ പോറ്റിയുമായി അടുപ്പത്തിലായത്.
സാധാരണ കുടുംബത്തില്‍ ജനിച്ച് 10-ാം ക്ലാസ് വരെ പഠിച്ച് ബെംഗളൂരുവിലേക്ക് ചേക്കേറിയ ഉണ്ണികൃഷ്ണന്റെ വളര്‍ച്ച അയ്യപ്പഭക്തരെ കബളിപ്പിച്ചും നാട്ടില്‍ കോടികള്‍ പലിശയ്‌ക്കു കൊടുത്തും. പുളിമാത്ത് ദേവീ ക്ഷേത്രത്തില്‍ അച്ഛനൊപ്പം സഹായിയായിരിക്കേയാണ് ബെംഗളൂരുവിലേക്ക് പോയത്.
ഉത്സവ കാലത്ത് ക്ഷേത്രത്തില്‍ വച്ച് ഭാര്യയുടെ തലമുടിയില്‍ തീപിടിച്ചിരുന്നു. വസ്തു ഇടപാടില്‍ ലക്ഷങ്ങളുടെ വഞ്ചന നടത്തിയ കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്റെ ആദ്യ ഭാര്യയുടെ മരണത്തിലും ദുരൂഹതയുണ്ട്. രണ്ടാംഭാര്യക്കൊപ്പം ബെംഗളൂരുവില്‍ സ്ഥിര താമസമാക്കിയ ഉണ്ണികൃഷ്ണന്‍ തിരുവനന്തപുരത്ത് കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമികച്ചവടങ്ങള്‍ നടന്നതിന്റെ രേഖകളാണ് കണ്ടെടുത്തത്. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലുമാണ് ഭൂമി ഇടപാടുകള്‍. സ്‌പോണ്‍സര്‍ഷിപ്പ് തട്ടിപ്പിന് മുന്‍ ദേവസ്വം കരാറുകാരനാണ് ഉണ്ണികൃഷ്ണന്റെ തലസ്ഥാനത്തെ ഇടനിലക്കാരന്‍.
















