കോട്ടയം: ഡ്രൈവറുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സഹപ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുമായി പോയ സംഭവത്തില്‍ വാടക അടയ്‌ക്കാന്‍ നിര്‍ദേശിച്ച് കോട്ടയം ഡിപ്പോ അധികൃതര്‍. കഴിഞ്ഞമാസം 25ന് കുഴഞ്ഞുവീണു മരിച്ച ഡ്രൈവറുടെ ശവസംസ്‌കാര ചടങ്ങിനാണ് അനുമതിയില്ലാതെ ജീവനക്കാര്‍ ബസ് എടുത്തുകൊണ്ടുപോയത്. കോട്ടയത്തുനിന്നും പുതുപ്പള്ളി വരെ 10 കിലോമീറ്റര്‍ വാഹനം കൊണ്ടുപോയ വകയില്‍ 3600 രൂപ വാടക അടയ്‌ക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചത്. ബസ് വാടകയില്ലാതെ അനുവദിക്കാന്‍ ചട്ടമില്ലെന്നും മുമ്പ് ബസ് വിട്ടുകൊടുക്കുമ്പോള്‍ അതതു യൂണിയനുകളാണ് വാടക അടച്ചിരുന്നതെന്നും അധികൃതര്‍ പറയുന്നു.
എന്നാല്‍ സഹപ്രവര്‍ത്തകന്‌റെ മരണത്തിന് പോയതിന് വാടക ഈടാക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. രാഷ്‌ട്രീയ നേതാക്കള്‍ മരിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് സൗജന്യമായി വിട്ടു കൊടുക്കാറുണ്ടെന്നും അവര്‍ പറയുന്നു.
















