ഗാസ: ഇസ്രയേലിന്റെ അന്തിമശാസനം അവസാനിച്ചിട്ടും പലസ്തീനിലേക്ക് സഹായങ്ങളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ ഇസ്രയേൽ പിടിച്ചെടുത്തു. കൂടാതെ ഗ്രെറ്റ തുൻബർഗിനെ ഇസ്രായേൽ കസ്റ്റഡിയിൽ എടുത്തു. ഗ്രെറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്‌പെക്ട്ര, ഹോഗ, അധറ, ഡയര്‍ യാസിന്‍ അടക്കം എട്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്.
ഗ്രെറ്റ അടക്കമുള്ളവരെ ഇസ്രയേല്‍ തുറമുഖത്തേയ്‌ക്ക് കൊണ്ടുപോയതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ ഫ്‌ളോട്ടിലയിലെ രണ്ട് ബോട്ടുകള്‍ ഗാസ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. അതേസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 73 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റി പൂർണമായും ഒഴിപ്പിക്കാനായുള്ള നടപടിയുമായി ഇസ്രയേൽ മുന്നോട്ടുപോകുകയാണ്.
















