ന്യൂയോർക്ക് : അമേരിക്കയിൽ നിന്ന് ഒരു ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. യൂറോപ്പിൽ നിന്ന് വന്ന വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ചിരിക്കുന്ന രീതിയിൽ ഒരാളുടെ മൃതദേഹം നോർത്ത് കരോലിന വിമാനത്താവളത്തിലെ ജീവനക്കാർ കണ്ടെത്തി. ഞായറാഴ്ച രാവിലെ വിമാനത്താവളത്തിൽ വിമാനത്തിന്റെ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
അതേ സമയം എയർലൈൻ കമ്പനിയും പോലീസും മരിച്ചയാളെക്കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്ന് അന്വേഷണം നടത്തുന്നുണ്ടെന്ന് എയർലൈൻ അറിയിച്ചു.
യുഎസിൽ മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഫോർട്ട് ലോഡർഡെയ്ൽ-ഹോളിവുഡ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പതിവ് പോസ്റ്റ്-ഫ്ലൈറ്റ് പരിശോധനയ്‌ക്കിടെ വീൽ വെൽ ഏരിയയിൽ നിന്നാണ് അന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ഫോർട്ട് ലോഡർഡെയ്‌ലിൽ എത്തിയതായിരുന്നു വിമാനം.
ഡിസംബർ ആദ്യം ചിക്കാഗോയിൽ നിന്ന് മൗയിയിൽ ലാൻഡ് ചെയ്ത ശേഷം യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ വീൽ വെല്ലിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ചിരിക്കുന്ന യാത്രക്കാരിൽ ഏകദേശം നാലിൽ മൂന്ന് പേർക്കും അതിശൈത്യവും ഉയർന്ന ഉയരങ്ങളിലെ ഓക്സിജന്റെ അഭാവവും കാരണം അതിജീവിക്കാൻ കഴിയില്ലെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.
















