കണ്ടതും കേട്ടതും:
അറിഞ്ഞില്ലേ? ശബരിമയിൽ വീണ്ടും പിണറായി സർക്കാരിന് അശണാവസ്ഥ. ശരണം വിളിക്കണ്ടപോലെ വിളിച്ചില്ലെങ്കിൽ ഇരട്ടിയാണ് തിരിച്ചടി. തെറ്റിച്ചാലും പൊറുക്കും, പക്ഷേ നികൃഷ്ട ലക്ഷ്യത്തിലായാൽ ശരണം അശരണത്തിലാകും, എന്നുവെച്ചാൽ പണികിട്ടും
കപട ഭക്തിയും കുതന്ത്രങ്ങളുമായി ശബരിമലയെ എന്നല്ല, സകല ക്ഷേത്രങ്ങളേയും തകർക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന അവിശ്വാസികളുടെ ആധുനികകാലപ്പടയ്‌ക്ക്, പണ്ട ക്ഷേത്രം തകർക്കാനിറങ്ങിയ ടിപ്പുസുൽത്തന്റെ ഗതി വരുമെന്നാണ് ഫലസൂചനകൾ. ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ സർക്കാർ നടത്തിയ വ്യാജഭക്തിവിശ്വാസ പ്രകടനത്തിന്റെ പത്താംനാൾ ഫലമിങ്ങനെ: മുൻകാല പ്രാബല്യത്തിൽ ശബരിമലയിലെ ദുരൂഹ ഇടപാടുകൾ അന്വേഷിക്കാൻ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. അന്വേഷണത്തിനായി, വിരമിച്ച ജഡ്ജിയെ കോടതി സ്വയം ചുമതലപ്പെടുത്തുകയും ചെയ്തു.
അയ്യപ്പനോട് ‘കള്ളക്കളി’ നടത്തിയവർക്കെല്ലാം അതത് സമയം ‘അശരണം’ വന്നുകൂടുക പതിവാണ്. എന്നാൽ മുൻകാല പ്രാബല്യത്തോടെ ചോദിച്ചുവാങ്ങിയിരിക്കുകയാണ് പിണറായി സർക്കാർ.
സന്നിധാനത്തെ ദ്വാരപാലകന്മാരുടെ ശിൽപ്പങ്ങൾക്ക് ചാർത്തിയിരുന്ന സ്വർണ്ണപ്പാളികൾ മിനുക്കിപ്പുതുക്കാനെന്ന പേരിൽ പലപ്പോഴായി കടത്തിക്കൊണ്ടുപോയിട്ടുണ്ട്. അതത് കാലത്ത് സർക്കാരിന്റെ താൽപര്യത്തിൽ ചില ‘സ്‌പോൺസർമാർ’ ഈ പണിക്ക് എത്തിച്ചേരും. അവരെ കെട്ടിയെഴുന്നള്ളിക്കാൻ പാകത്തിൽ അതത് കാലത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും പ്രസിഡന്റുമുണ്ടാകും. മുൻകാലത്ത് സിപിഎം നേതാവായിരുന്ന എ. പത്മകുമാർ പ്രസിഡന്റായിരിക്കെ ‘സ്വർണ്ണം പൂശാനുണ്ടോ’ എന്ന് ചോദിച്ചുവന്ന് ‘പൂശി’യെന്ന് കരുതപ്പെടുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിതന്നെയാണ് ഈ തവണയും ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിലൂടെ സ്വർണ്ണം ‘പൂഴ്‌ത്താൻ’, അല്ല, പൂശാൻ എത്തിയത്. ദേവസ്വം മന്ത്രി വി.എൻ. വാസവന് സ്വീകാര്യൻ. സ്വർണ്ണ ഇടപാട് ആരു നടത്തിയാലും കൈയയച്ച് സഹായിക്കുന്ന, കണ്ണടച്ച് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സ്വീകാര്യൻ. പത്തുവർഷത്തോളം മുമ്പ്, സെക്രട്ടറിയേറ്റ് ഇടനാഴികളിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് പിണറായി വിജയൻ നടത്തിയ പ്രഖ്യാപനത്തിലെ ‘അവതാര’മാണോ ഈ പോറ്റിയെന്ന് നോക്കാതെയാണോ, നോക്കി ആണെന്ന് ഉറപ്പുവരുത്തിയാണോ ഇത്തവണയും നിയോഗിച്ചതെന്ന കാര്യത്തിലേ സംശയമുള്ളു. ആയിരിക്കാനാണ് സാധ്യത. കാരണം രണ്ടുതരത്തിലും തലത്തിലും ‘സ്വർണ്ണബന്ധ’മുണ്ടായതിനാലായിരിക്കുമല്ലോ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ, അദ്ദേഹം സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്തവിധം മുഖ്യമന്ത്രി ഒതുക്കി മൂലയ്‌ക്കാക്കിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ക്രിമിനൽ കേസിൽ പ്രതിയാണെന്നും ദുരൂഹതയുള്ളയാളാണെന്നും ഇപ്പോൾ മനസ്സിലാക്കിയെന്നും സംശയമുണ്ടെന്നും മറ്റും പറഞ്ഞ് ഇപ്പോൾ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് മുദ്രാവാക്യം മുഴക്കി കൈമുഷ്ടി ചുരുട്ടി ആത്മരക്ഷയക്ക് ശ്രമിക്കുമ്പോൾ പുതിയ സംശയങ്ങൾ ഏറെ ഉണ്ടാകുകയാണ്. ആഗോള സംഗമത്തിൽ മുഷ്ടിചുരുട്ടി ഉയർത്തി അയ്യപ്പശരണം വിളിച്ചതിന്റെ ഗുണമോ ദോഷമോ പത്താം നാളിലെ തിരിച്ചറിവ് എന്നുകണ്ടറിയണം.
എന്നാൽ രസമതൊന്നുമല്ല, പ്രശാന്തിന്റെ പ്രസ്താവനയാണ്. അതിൽ പറയുന്നു; സ്‌പോൺസർ തട്ടിപ്പായതിന്, ദ്വാരപാലക പീഠം കാണാതായതിന്, സ്വർണ്ണത്തിന് തൂക്കം കുറഞ്ഞതിന് അടക്കം സകലതിനും കാരണക്കാർ ദേവസ്വം ഉദ്യോഗസ്ഥരാണെന്ന്. എന്താപോരേ? അവർ രക്ഷപ്പെടും നിങ്ങൾ പെടും, ഇക്കാര്യം സർക്കാർ ജീവനക്കാരും സർക്കാരിനെ സഹായിക്കുന്ന ജീവനക്കാരും ഇനിയും മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം. ഇതൊക്കെ കാണുമ്പോൾ സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചുപോകാത്തത് ആരാണ്.
















