ന്യൂദല്‍ഹി: കാര്‍ഷിക വിളകളുടെ കയറ്റുമതി തീരുവയില്‍ അര്‍ജന്റീന ഇളവ് വരുത്തിയതോടെ റിക്കാര്‍ഡ് അളവില്‍ സോയ ഓയില്‍ ഇറക്കുമതിക്ക് ഒരുങ്ങി ഭാരതം. ഇതുവരെ ഏകദേശം മൂന്ന് ലക്ഷം മെട്രിക് ടണ്‍ സോയാ ഓയില്‍ ഭാരതത്തില്‍ നിന്നുള്ള സ്വകാര്യ കമ്പനികള്‍ വാങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ ആവശ്യങ്ങള്‍ക്കായാണ് ഇത്രയും ഇറക്കുമതി ചെയ്തിരിക്കുന്നത്.
തളര്‍ച്ച നേരിടുന്ന പെസോയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിനും യുഎസ് ഡോളര്‍ രാജ്യത്തേക്ക് കൊണ്ടുവരാനുമായാണ് അര്‍ജന്റീന കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി തീരുവകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ സോയാബീന്‍ എണ്ണ അടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കുറയാനും കാരണമായി. സോയാബീന്‍ ഓയില്‍ ഒരു ടണ്ണിന് 50 ഡോളറോളം വില കുറഞ്ഞതോടെ ഭാരത വ്യാപാരികള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സാധാരണയായി ഭാരതം ഒരു മാസം 3 ലക്ഷം ടണ്ണിനടുത്ത് സോയാ ഓയിലാണ് ഇറക്കുമതി ചെയ്യാറുള്ളത്. പാം ഓയിലിനേക്കാള്‍ കുറഞ്ഞനിരക്കില്‍ ലഭിച്ചതോടെ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഇത്രയും ഓയില്‍ ഭാരതം വാങ്ങിയിട്ടുണ്ട്.











