സാധാരണയായി ക്ഷീണം, കാലിലെ വീക്കം, മൂത്രത്തിലെ നിറവ്യത്യാസം എന്നിവ കണ്ടാൽ വൃക്കയ്‌ക്ക് എന്തെങ്കിലും പ്രശ്നമാണെന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ വൃക്കകളുടെ പ്രവർത്തനം ശരിയായി നടക്കുന്നില്ലെന്ന് മനസ്സിലാക്കാൻ കണ്ണുകൾ നോക്കിയാലും മനസിലാക്കാമെന്നാണ് വിദഗ്ധർ പറയുന്നത്
ഉറക്കത്തിന്റെ ക്ഷീണം വിട്ടുമാറിയിട്ടും കണ്ണുകൾ വീർത്തിരിക്കുന്നുണ്ടെങ്കിലോ കണ്പോളകൾക്ക് ചുറ്റും വീക്കം ഉണ്ടെങ്കിലോ അത് പ്രോട്ടീനൂറിയയുടെ ലക്ഷണമാകാം. വൃക്കകൾക്ക് കേടുപാടുകൾ സംഭവിച്ച് മൂത്രത്തിലേക്ക് പ്രോട്ടീൻ ഒഴുകുന്ന ഒരു അവസ്ഥയാണിത്.
പ്രോട്ടീൻ നഷ്ടപ്പെടുന്നതുമൂലം കണ്ണുകൾക്ക് ചുറ്റുമുള്ള മൃദുവായ കലകളിൽ ദ്രാവകം അടിഞ്ഞുകൂടാൻ കാരണമാകുന്നു. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ ഇത് സ്ഥിരമായി കാണപ്പെടുന്നു. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അവയെ ക്ഷീണമോ അലർജിയോ മാത്രമായി തള്ളിക്കളയരുത്. എത്രയും പെട്ടെന്ന് ആരോഗ്യവിദഗ്ധനെ സമീപിക്കുക.
കാഴ്ച മങ്ങുകയോ വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്താൽ ചിലപ്പോളത് റെറ്റിനയിലെ രക്തക്കുഴലുകളുടെ തകരാറാകാം. ഉയർന്ന രക്തസമ്മർദ്ദവും മോശമായി കൈകാര്യം ചെയ്യപ്പെടുന്ന പ്രമേഹവും വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങളാണ്. അവ റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും . നിങ്ങൾ ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ ഉള്ളവരാണെങ്കിൽ കാഴ്ച വൈകല്യങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, പതിവ് നേത്ര പരിശോധനകൾക്കൊപ്പം വൃക്കകളുടെ പ്രവർത്തനം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകൾ സാധാരണയാണ്. എന്നാൽ വരണ്ടതോ ചെറിച്ചിലുള്ളതോ അസ്വസ്ഥതയുള്ളതോ ആയ കണ്ണുകൾ സ്ഥിരമായി കണ്ടാൽ അത്തരം ലക്ഷണങ്ങൾ സൂക്ഷിക്കണം.
കാൽസ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ധാതുക്കളുടെ അസന്തുലിതാവസ്ഥയോ കണ്ണുനീർ ഉൽപാദനത്തെയും കണ്ണിലെ ലൂബ്രിക്കേഷനെയും ബാധിക്കുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതോ ഇതിന് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.
കണ്ണുകൾ ചുമക്കുന്നതിന് അലർജി, ക്ഷീണം, അണുബാധ തുടങ്ങിയ നിരവധി കാരണങ്ങളുണ്ടാകാം. എങ്കിലും രക്തക്കുഴലുകളിലെ ഉയർന്ന മർദ്ദം കണ്ണുകളുടെ കാപ്പിലറികളിൽ ചെറിയ തകരാറുകൾ ഉണ്ടാക്കുന്നു. ഇത് കണ്ണുചുവപ്പോ വീക്കമോ കാണപ്പെടാൻ കാരണമാകാം. എന്നാൽ ചില സന്ദർഭങ്ങളിൽ വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ അവസ്ഥകളും കണ്ണുകളിൽ വീക്കം ഉണ്ടാക്കാം. സന്ധി വേദന, നീർവീക്കം, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ചുവപ്പ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക.
















