കോഴിക്കോട്: ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം മരിക്കാന്‍ പോകുകയാണെന്ന് കത്തെഴുതിവച്ച് മുങ്ങിയ യുവതിയെ മൂന്നുവര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശിനി മാതൃപ്പിള്ളി വീട്ടില്‍ വര്‍ഷ (30) ആണ് പിടിയിലായത്.
2022 നവംബര്‍ 11ന് രാവിലെയാണ് താന്‍ മരിക്കാന്‍ പോകുകയാണെന്ന് എഴുതി വച്ച് യുവതി വാടകയ്‌ക്ക് താമസിച്ച ഫറോക്കിലുള്ള വാഴക്കപ്പൊറ്റ വീട്ടില്‍ നിന്നും സ്‌കൂട്ടറുമെടുത്ത് പോയത്. തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന് കാട്ടി ഇവരുടെ സഹോദരി ഫറോക്ക് പൊലീസില്‍ പരാതി നല്‍കി.
യുവതിയുടെ സ്‌കൂട്ടര്‍ അറപ്പുഴ പാലത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെത്തി. ഫോണും സിമ്മും ഉപേക്ഷിച്ചതിനാല്‍ ഏറെ അന്വേഷിച്ചെങ്കിലും യുവതിയെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല. മുങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് ഫറോക്ക് സൗഭാഗ്യ ഫിനാന്‍സിയേഴ്‌സില്‍നിന്ന് യുവതി 226.5 ഗ്രാം മുക്കുപണ്ടം പണയം വച്ച് 9,10,000 രൂപ കൈപ്പറ്റിയിരുന്നു. ഇതിന് പുറമെ പലരില്‍നിന്നും വലിയ തുക കടം വാങ്ങിയിരുന്നു.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം സ്‌പെഷ്യല്‍ സ്‌ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചു.
അന്വേഷണസംഘം സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും യുവതി ജീവിച്ചിരുപ്പുണ്ടെന്ന് കണ്ടെത്തി. ഇന്റര്‍നെറ്റ് കോളുകള്‍ മുഖേന വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടന്നും മനസിലാക്കി. പിന്നാലെ തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം കണ്ടത്തി.
















