വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വശീകരിക്കാൻ പാകിസ്ഥാൻ പരിശ്രമം. അതോ ഒരു വെറും സോപ്പിടൽ മാത്രമായിരുന്നോ. ട്രംപ് അതിൽ വീണോ, പാകിസ്്ഥാനെ വീഴ്‌ത്തിയോ എന്നത് കാത്തിരുന്നു കാണണം. അമേരിക്കൻ ഭരണകൂടംതന്നെ വൈറ്റ്ഹൗസിൽനിന്ന് പുറത്തുവിട്ട ചിത്രം ഇത്തരം ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച, വാഷിംഗ്ടണിന്റെ നല്ലകുട്ടിയെന്ന പരിഗണന ലഭിക്കാൻ ലക്ഷ്യമിട്ട്, ആർമി ചീഫ് അസിം മുനീർ, അപൂർവ ജൈവ ധാതുക്കൾ അടങ്ങിയതായി പറയപ്പെടുന്ന ഒരു തടിപ്പെട്ടി ട്രംപിന് സമ്മാനിച്ചു. ഏറെ പ്രധാനപ്പെട്ട ജൈവധാതു വിതരണ ശൃംഖലയിലെ ചൈനീസ് ആധിപത്യം കുറയ്‌ക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഈ നീക്കം.
വൈറ്റ് ഹൗസ് അപൂർവ ജൈവ ധാതുക്കൾ എന്ന് വിശേഷിപ്പിച്ചവ നിരത്തിയ മരപ്പെട്ടി, മൂടി തുറന്നപ്പോൾ അതിലേക്ക് ഉറ്റുനോക്കുന്ന ഡൊണാൾഡ് ട്രംപിന്റെ ചിത്രം വൈറ്റ് ഹൗസ് പുറത്തുവിട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പുഞ്ചിരിക്കുമ്പോൾ, പാക് കരസേനാ മേധാവി അസിം മുനീർ അതേക്കുറിച്ച് വിവരിക്കുന്നതാണ് ചിത്രം. യുഎസ് പ്രസിഡന്റ് കണ്ണുതള്ളി അതിലേക്ക് നോക്കുന്നതായി ഫോട്ടോയിൽ കാണാം. ഓവൽ ഓഫീസിലെ ഒരു അടച്ചിട്ട വാതിൽ പാക്-യുഎസ് നേതാക്കളു െമീറ്റിംഗ് ചേർന്നതിനും ഒരു യുഎസ് ലോഹക്കമ്പനി പാകിസ്ഥാനുമായി 500 മില്യൺ ഡോളറിന്റെ നിക്ഷേപ കരാറിൽ ഒപ്പുവച്ചതിനും ആഴ്ചകൾക്കുള്ളിലാണ് ഈ ഫോട്ടോ എടുത്ത അവസരം.
‘നിധി’സമർപ്പണത്തിന്റെ ഈ ഫോട്ടോ വൈറ്റ് ഹൗസ് പുറത്തുവിട്ടതിന്റെ പിന്നിലെ താൽപര്യം എന്ത് എന്നാണ് ചർച്ച.
















