ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനേഴു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 38 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരുടെ കുടുംബത്തെയും കണ്ടെത്താനായിട്ടില്ലെന്നും ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു.
അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നടത്തി മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കും. 14 മൃതദേഹങ്ങള്‍ ഇതിനകം കുടുംബങ്ങള്‍ക്ക് കൈമാറിയതായി ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു.
അതേസമയം, ‘ആകെ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 31 പേരുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. അവരെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുന്നു’ എന്ന് ഡോ. രാജ്കുമാരി പറഞ്ഞു. കരൂർ, നാമക്കല്‍, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളില്‍ നിന്നുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആംബുലൻസുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‍മോർട്ടം നടപടകള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ വേഗത്തില്‍ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
















