ലഡാക്ക് : ലഡാക്കില്‍ കലാപമുണ്ടാക്കിയ സോനം വാങ് ചുക് എന്ന പരിസ്ഥിതി എന്‍ജിഒ സംഘടനാനേതാവ് ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ലഡാക്ക് ഡിജിപി. ഈ വാര്‍ത്ത വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലഡാക്കില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ കലാപം പാകിസ്ഥാന്റെ പദ്ധതിയായിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. പാകിസ്ഥാനില്‍ നിന്നുള്ള ഒരു ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളാണ് സോനം വാങ്ചുകുമായി ബന്ധപ്പെട്ടിരുന്ന കാര്യം പറഞ്ഞതെന്നും ലഡാക്കിലെ ലെയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡിജിപി ജാം വാള്‍ പറഞ്ഞു.
അമേരിക്കയില്‍ നിന്നും ഈ കലാപത്തിന് സോനം വാങ്ചുകിന്റെ പരിസ്ഥിതി എന്‍ജിഒ സംഘടനയ്‌ക്ക് ഫണ്ട് കിട്ടിയതായും ആരോപണമുണ്ട്. സോനം വാങ്ചുകിന്റെ പരിസ്ഥിതി സംഘടനയ്‌ക്കുള്ള വിദേശധനസഹായം കേന്ദ്രം നിരോധിച്ചിട്ടുണ്ട്. 700 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ലഡാക്ക് കലാപത്തിന് യുവാക്കളെ പ്രേരിപ്പിച്ചത് സോനം വാങ് ചുകാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് ദേശീയ സുരക്ഷാനിയമപ്രകാരം (എന്‍എസ് എ) അയാളെ അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലാണ് സോനം വാങ്ചുകിനെ അയച്ചിരിക്കുന്നത്. വലിയ സമാധാനപ്രേമിയായി പുറമേക്ക് നടിച്ച ഇയാള്‍ സെപ്തംബര്‍ 10ന് അറബ് വസന്തം എന്ന പേരില്‍ ടുണീഷ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച രീതിയിലുള്ള കലാപം നടത്താന്‍ യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു. നേപ്പാളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും നടന്ന രീതിയിലുള്ള കലാപമേ രക്ഷയുള്ളൂ എന്നും ഇയാള്‍ സെപ്തംബര്‍ 10ന് നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. ഇതാണ് പിന്നീട് കലാപത്തിലേക്ക് നീങ്ങാന്‍ യുവാക്കളെ പ്രേരിപ്പിച്ചത്. യുവാക്കള്‍ സെപ്തംബര്‍ 24ന് കലാപവും തീവെപ്പും പൊലീസിനെതിരെ കല്ലേറും നടത്താന്‍ തുടങ്ങിയതോടെ സോനം വാങ് ചുക് സമാധാനദൂതന്‍ ചമഞ്ഞ് കൈകഴുകാന്‍ നോക്കുകയായിരുന്നു. അക്രമത്തിന് താന്‍ എതിരാണെന്ന് പ്രഖ്യാപിച്ച് താന്‍ നടത്തിക്കൊണ്ടിരുന്ന നിരാഹാരം ഇയാള്‍ പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ കലാപം നടത്താന്‍ ഇയാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കണ്ടെടുത്തു. പാകിസ്ഥാനില്‍ ആരെയൊക്കെ കണ്ടു, ബംഗ്ലാദേശില്‍ ആരൊക്കെയുമായി ചര്‍ച്ച നടത്തി എന്നീ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.താന്‍ സ്വയം തീ കൊളുത്തി ആത്മാഹുതി ചെയ്യും എന്ന് സോനം വാങ്ചുക് തുടര്‍ച്ചയായി ഭീഷണി മുഴക്കിയിരുന്നു. ഇതും ഇയാളെ പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ മറ്റൊരു കാരണമായി.
















