മീററ്റ്: മദ്യപാനം നിര്‍ത്താനാണ് ഹാപ്പൂര്‍ സ്വദേശിയായ 40 കാരനെ വീട്ടുകാര്‍ ഗാസിയാബാദിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ എത്തിച്ചത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറു വേദനയുണ്ടെന്നായി കക്ഷി. തുര്‍ടന്ന് ഹാപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് നടത്തിയതോടെ അവര്‍ ഞെട്ടി. വയറ്റിലുള്ള വസ്തുക്കള്‍ കണ്ട് അവര്‍ അമ്പരന്നു. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തി ഒന്നൊന്നായി പുറത്തെടുത്തു. 19 സ്റ്റീല്‍ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും ക്യാപ് മാറ്റിയ രണ്ട് പേനകളുമാണ് വയറ്റില്‍ നിന്ന് ലഭിച്ചത്. രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായി ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോ. ശ്യാം കുമാര്‍ പറഞ്ഞു.
















