ന്യൂദൽഹി: രാജ്യത്തെ ശിശുമരണ നിരക്കിൽ (ഐഎംആർ) കാര്യമായ കുറവ്. 2022 ൽ ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ 26 പേർക്ക് ആദ്യ വർഷത്തിനുള്ളിൽ ജീവൻ നഷ്ടമായിരുന്നത് 2023 ൽ 25 ആയിക്കുറഞ്ഞു. ആരോഗ്യ സംരക്ഷ രംഗത്തെ വലിയ മെച്ചപ്പെടലാണിത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്ര-സംസ്ഥാന തലത്തിലുള്ള സ്ഥിതിവിവരക്കണക്കായ ‘ഭാരതത്തിലെ കുട്ടികൾ 2025’ റിപ്പോർട്ട് പുറത്തിറങ്ങി.
സംസ്ഥാനങ്ങളിലെ ലിംഗഭേദവും താമസസ്ഥലവും അടിസ്ഥാനമാക്കിയുള്ള ശിശുമരണനിരക്ക് അടിസ്ഥാന വിവരങ്ങളാണിതിൽ. പെൺകുട്ടികളെ (25) അപേക്ഷിച്ച് അല്പം ഉയർന്ന ഐഎംആർ നിരക്കാണ് ആൺകുട്ടികൾക്ക് (26).
സാമ്പിൾ രജിസ്‌ട്രേഷൻ സംവിധാനം (എസ്ആർഎസ്) സ്ഥിതിവിവരകണക്ക് റിപ്പോർട്ട് 2023 പ്രകാരം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 29 ആയി കണക്കാക്കപ്പെടുന്നു. 2022ൽ ഈ നിരക്ക് 30 ആയിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 33 ഉം, നഗരപ്രദേശങ്ങളിൽ 20 ഉം ആണ്.
2022, 2023 വർഷങ്ങളിലെ ജനന നിരക്കിന്റെ അടിസ്ഥാനവിവര (ഡാറ്റ) പ്രകാരം പ്രസ്തുത തോത് കുറയുന്ന പ്രവണതയാണ് പ്രകടമാക്കുന്നത്. ദേശീയ തലത്തിൽ, മൊത്ത ജനനനിരക്ക് 1,000 ജനസംഖ്യയ്‌ക്ക് 18.4 എന്നതായിരുന്നു. ഗ്രാമീണമേഖലയിലെ ജനനനിരക്ക് 20.3 ആയി ഉയർന്നപ്പോൾ, 2023ൽ നഗരപ്രദേശങ്ങളിൽ ഇത് 14.9 ആയിരുന്നു.
വിദ്യാഭ്യാസ ലഭ്യതയിലെ ലിംഗ അസമത്വം തൊഴിൽ സാധ്യതകളെയും തൊഴിൽ അവസരങ്ങളിലെ തുല്യതയെയും ബാധിക്കുന്നുണ്ട്. ഈ ലിംഗ വ്യത്യാസം അളക്കുന്നതിനുള്ള ഒരു പ്രധാന സൂചകമാണ് വിദ്യാഭ്യാസത്തിലെ ലിംഗ തുല്യതാ സൂചിക (ജിപിഐ).
2023-24, 2022-23 കാലയളവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2024-25 ലെ കൊഴിഞ്ഞുപോക്ക് നിരക്കിന്റെ അടിസ്ഥാനവിവരങ്ങൾ, എല്ലാ വിദ്യാഭ്യാസ തലങ്ങളിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ, മൊത്തം കൊഴിഞ്ഞുപോക്ക് നിരക്ക് 8.7 ശതമാനത്തിൽ നിന്ന് 2.3 ശതമാനമായി കുത്തനെ കുറഞ്ഞു.
മധ്യതലത്തിൽ, നിരക്ക് 8.1 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി. സെക്കൻഡറി തലത്തിൽ 2022- 23 ൽ 13.8 ശതമാനം ആയിരുന്നതിൽ നിന്ന് 2024- 25 ൽ 8.2 ആയി. മൊത്തത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിൽ കുട്ടികൾ കൂടുതൽ ഉത്സുകരാകുന്നുവെന്നാണ് റിമപ്പാർട്ട്.
ദത്തെടുക്കൽ സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ പ്രകാരം, പ്രതിവർഷം 2,991 മുതൽ 4,155 വരെയുള്ള സ്ഥിരതയാർന്ന നിരക്കിലാണ് രാജ്യത്തിനകത്ത് ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ എണ്ണം. അതേസമയം രാജ്യാന്തര ദത്തെടുപ്പുകളിൽ പ്രതിവർഷം 360 മുതൽ 653 വരെയുമാണ് എണ്ണം. 2024-25 കാലയളവിൽ നടന്ന 4,155 രാജ്യാന്തര ദത്തെടുപ്പുകളിൽ 2,336 എണ്ണം പെൺകുട്ടികളും 1,819 എണ്ണം ആൺകുട്ടികളുമാണ്. ഇത് ഒരുപക്ഷെ ലിംഗപരമായ മുൻഗണനയെ സൂചിപ്പിക്കുന്നു. രാജ്യത്തിനകത്തെയും രാജ്യാന്തരവുമായ ദത്തെടുക്കലുകളിൽ ആൺകുട്ടികളേക്കാൾ കൂടുതലായി പെൺകുട്ടികളെയാണ് ദത്തെടുക്കുന്നത്.














