ഗുവാഹത്തി: അസമിലെ ജനതയുടെ വിഗ്രഹം തന്നെയാണ് യുവ ഗായകന്‍ സുബിന്‍ ഗാര്‍ഗ്. സിംഗപ്പൂരില്‍ സംഗീത പരിപാടിക്ക് പോയ സുബിന്‍ ഗാര്‍ഗിനെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുങ്ങി മരിച്ചു എന്നാണ് സിംഗപ്പൂരില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
ഇതിന് പിന്നില്‍ എന്തെങ്കിലും ആസൂത്രിതകൊലപാതകശ്രമമുണ്ടോ എന്നത് കണ്ടെത്താനാണ് അസം സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഹിമന്തയുടെയും ശ്രമം. കാരണം സുബിന്‍ ഗാര്‍ഗിന്റെ മരണത്തെ ആരും മുതലെടുക്കരുതെന്ന നിര്‍ബന്ധം ഹിമന്തയ്‌ക്കുണ്ട്. അസമില്‍ ബംഗ്ലാദേശില്‍ നിന്നും വന്ന അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികള്‍ നടന്നുവരികയാണ്. അതിനിടെയാണ് തലവേദനയായി സുബിന്‍ ഗാര്‍ഗിന്റെ മരണം കടന്നുവന്നത്.
ശരീരം കോച്ചിപ്പിടിക്കുന്ന സ്വഭാവം സുബിന്‍ ഗാര്‍ഗിനുണ്ടെന്ന് പറയുന്നു. അഞ്ച് തവണ അങ്ങിനെ സംഭവിച്ചതായും പറയുന്നു. സിംഗപ്പൂരില്‍ സ്വിമ്മിംഗ് പൂളില്‍ ഇറങ്ങിയപ്പോള്‍ കോച്ചിപ്പിടുത്തം വന്നതിനെ തുടര്‍ന്ന് നീന്തല്‍ക്കുളത്തില്‍ മുങ്ങിയതായിരിക്കുമോ? അതോ ആരെങ്കിലും മുക്കിയതോ? അസമിന്റെ പ്രിയഗായകനായതിനാല്‍ സമൂഹമാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പരക്കുന്നത് സ്വാഭാവികം. ഇതില്‍ ചിലര്‍ മാനേജരെ കുറ്റപ്പെടുത്തുന്നു. മറ്റ് ചിലര്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാരവാഹികളായ ചിലരെ കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വലിയ സാംസ്കാരിക ഉത്സവമാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍. അതില്‍ പ്രധാന പരിപാടികളില്‍ ഒന്ന് സുബിന്‍ ഗാര്‍ഗിന്റെ സംഗീതപരിപാടിയായിരുന്നു.
കര്‍ഷകസമരത്തില്‍ പങ്കെടുത്ത, പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ സമരം ചെയ്ത അഖില്‍ ഗൊഗൊയ് എംഎല്‍എ സുബിന്‍ ഗാര്‍ഗിന്റെ മരണം സംബന്ധിച്ച് ബൊങ്കെയ് ഗാവോണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. റയ്ജോര്‍ ദള്‍ പാര്‍ട്ടിയുടെ നേതാവാണ് അഖില്‍ ഗൊഗോയ്. ഇവരെല്ലാം സുബിന്‍ ഗാര്‍ഗിന്റെ മരണത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ വീണ്ടും ഒരിയ്‌ക്കല്‍ കൂടി സുബിന്‍ ഗാര്‍ഗിന്റെ മൃതദേഹം അസമില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. സുബിന്‍ ഗാര്‍ഗിന്റെ മരണത്തെ രാഷ്‌ട്രീയമായി ആരും ദുരുപയോഗം ചെയ്യരുതെന്നും എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പ്രതികള്‍ പിടിക്കപ്പെടണം എന്നും ഹിമന്ത പറയുന്നു. അസം എയിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു രണ്ടാമത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. സുബിന്‍ ഗാര്‍ഗിന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും അനുമതിയോടെയായിരുന്നു ഈ പോസ്റ്റ് മോര്‍ട്ടം.
അതിന് ശേഷം സുബിന്‍ ഗാര്‍ഗിന്റെ മൃതദേഹം വഹിച്ചുള്ള അന്ത്യയാത്ര ലോകമാകെ വൈറലായി. അതിന് കാരണം അതില്‍ പങ്കെടുത്ത ജനങ്ങളുടെ എണ്ണമാണ്. ലോകത്തില്‍ തന്നെ നടന്ന ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത രണ്ടാമത്തെ അന്ത്യയാത്രയും ശവസംസ്കാരച്ചടങ്ങും ആണ് സുബിന്‍ ഗാര്‍ഗിന്‍റേതെന്ന് പറയുന്നു. ലക്ഷക്കണിക്കിന് പേരാണ് അന്ത്യയാത്രമൊഴി പറയാന്‍ എത്തിച്ചേര്‍ന്നത്. ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയുള്ള ലോകത്തിലെ നാലാമത്തെ വലിയ ശവസംസ്കാരം എന്നാണ് ലോക മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. അതിനാല്‍ സംശയത്തിന്റെ ഒരു നിഴലും സുബിന്‍ ഗാര്‍ഗിന്റെ മരണത്തില്‍ അവശേഷിക്കരുതെന്ന് ഹിമന്തയ്‌ക്ക് കടുംപിടുത്തമുണ്ട്.
ഏറ്റവും ഒടുവില്‍ കിട്ടിയ വാര്‍ത്ത ശേഖര്‍ ജ്യോതി ഗോസ്വാമി എന്ന ഗായകനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു എന്ന വാര്‍ത്തയാണ്. എന്തിനാണ് ഈ അറസ്റ്റ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും എന്തെങ്കിലും നിഗൂഢത ഈ മരണത്തില്‍ ഉണ്ടെങ്കില്‍ അത് മറനീക്കി പുറത്തുകൊണ്ടുവരാന്‍ സിബിഐയെ കൊണ്ടുവരാനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറയുന്നു.
















