ഹൈദരാബാദ്: എൻഐഎ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തവരെക്കുറിച്ച് അന്വേഷണം തുടങ്ങി. സർക്കാർ സർവീസിൽനിന്ന് വിരമിച്ച 68 കാരനെയാണ് ഓൺലൈൻ ഇടപാടിലൂടെ കബളിപ്പിക്കാൻ ശ്രമിച്ചത്. നിർദ്ദേശിക്കുന്നതുപോലെ പണം നൽകിയില്ലെങ്കിൽ പഹൽഗാം ഭീകരാക്രമണത്തിലെ പ്രതിയായ ആസിഫ് ഫൗജിയും ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊതുജനമധ്യത്തിൽ അപഹാസ്യനാക്കുമെന്നായിരുന്നു ഭീഷണി. പൂണെ ആന്റി-ടെററിസം സ്‌ക്വാഡ് (എടിഎസ്), എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ വേഷംമാറിയാണ് തട്ടിപ്പുകാർ ഇരയിൽ നിന്ന് 26.7 ലക്ഷം തട്ടിയെടുത്തത്. ‘ആർബിഐ വെരിഫിക്കേഷനായി’ പണം കൈമാറിയില്ലെങ്കിൽ എൻഐഎ റെയ്ഡ് നടത്തുമെന്നും എല്ലാവരുടെയും മുന്നിൽ അപമാനിക്കപ്പെടുമെന്നും ഭീഷണിപ്പെടുത്തി.
തട്ടിപ്പിനിരയായ ആൾ വിവരിക്കുന്നതിങ്ങനെ:
സെപ്തംബർ 17 ന് എന്റെ ഫോണിൽ ‘പഹൽഗാം മിലിട്ടറി പോലീസ്’ എന്ന് കാണിക്കുന്ന (കോളർ ഐഡിയിൽ) ഫോൺ വന്നു. ‘പൂനെയിലെ എടിഎസിൽ നിന്നുള്ള പ്രേം കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) വേണ്ടി 70 ലക്ഷം കള്ളപ്പണം ഞാൻ വെളുപ്പിച്ചതായി ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ആസിഫ് ഫൗജി എന്ന തീവ്രവാദിയുടെ കൈവശം എന്റേത് ഉൾപ്പെടെ 21 ഫോട്ടോഗ്രാഫുകളും വ്യാജ ഐഡി കാർഡുകളുടെ ഒരു ശേഖരവും ഉണ്ടായിരുന്നതായി അയാൾ അവകാശപ്പെട്ടു.
എടിഎസ് ഓഫീസറായി വേഷംമാറിയ തട്ടിപ്പുകാരൻ, ഡയറക്ടർ ജനറൽ ആണെന്ന് അവകാശപ്പെട്ട് മറ്റൊരാളെ വീഡിയോ കോളിൽ ചേർത്തു. ‘അറസ്റ്റ് വാറണ്ട് തയ്യാറാണ്, നിങ്ങൾ സഹകരിച്ചില്ലെങ്കിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ നിങ്ങളുടെ വീട് റെയ്ഡ് ചെയ്യും’ എന്ന് അവർ മുന്നറിയിപ്പ് നൽകി. എൻ.ഐ.എ സീൽ പതിച്ച രേഖകളും ഇരയ്‌ക്ക് കാണിച്ചുകൊടുത്തു. നിരപരാധിത്വം തെളിയിക്കാൻ എന്റെ ബാങ്ക് നിക്ഷേപങ്ങൾ ആർ.ബി.ഐ ഓഡിറ്റിനായി കൈമാറാൻ ആവശ്യപ്പെട്ടു.
ഭയന്ന ഇര, സെപ്റ്റംബർ 18 ന് രണ്ട് സ്ഥിര നിക്ഷേപങ്ങളായ 3.96 ലക്ഷവും 2.1 ലക്ഷവും ലിക്വിഡേറ്റ് ചെയ്ത് തമിഴ്നാട്ടിലെ ഡിണ്ടിവനത്തുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. അടുത്ത ദിവസം, തട്ടിപ്പുകാർ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ തുകയും മറ്റാൻ നിർബന്ധിച്ചു. ‘എന്റെ ഭാര്യയുടെ അക്കൗണ്ടിൽ 20 ലക്ഷം രൂപ ഉണ്ടായിരുന്നു. തട്ടിപ്പുകാർ നിർദ്ദേശിച്ചതുപോലെ, മുഴുവൻ തുകയ്‌ക്കും ഒരു ചെക്കിൽ ഒപ്പിട്ട് അഹമ്മദാബാദിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു,’ ഇര പറഞ്ഞു.
അപ്പോഴേക്കും, എന്തോ കുഴപ്പമുണ്ടെന്ന് ഇരയുടെ കുടുംബം സംശയിക്കുകയും ഫോൺ കോളുകളെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തു. ഹൈദരാബാദ് സൈബർ ക്രൈം പോലീസ് ബിഎൻഎസിലെയും ഐടി ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
















