പത്തനംതിട്ട: അയ്യപ്പന്റെ ശബരിമല അറബിപ്പേര് ചുമക്കേണ്ട കാര്യമില്ലെന്നും ശാന്താനന്ദ മഹര്‍ഷി വാവരെക്കുറിച്ച് പറഞ്ഞതിനോട് യോജിപ്പാണെന്നും ബിജെപി നേതാവ് യുവരാജ് ഗോകുല്‍. വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നും കഴിഞ്ഞ ദിവസം ശാന്താനന്ദ മഹര്‍ഷി. പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ പ്രസംഗിച്ചത് വിവാദമായിരിക്കുകയാണ്. കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആർ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്.
അയ്യപ്പസംഗമത്തില്‍ ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി വാവരെ കുറിച്ച് പറഞ്ഞതിനൊപ്പമാണ് ഞാന്‍. ഏതേലും അറബി പേര് ഒപ്പം ചുമന്ന് മതേതരത്വം തെളിയിക്കേണ്ട ബാധ്യത ഹിന്ദുവിനില്ല. ശബരിമലയില്‍ ഉള്ളത് ശിവഭൂതഗണമായ വാപുരനാണ്. അത് വിളിച്ച് പറയാനുള്ള ആര്‍ജവം ഒരാള്‍ കാണിച്ചാല്‍ ആ ശബ്ദത്തെ പിന്താങ്ങണം. pic.twitter.com/TbLxOiC2HG
— Yuvraj Gokul (@yuvrajsays) September 23, 2025
“ഏതേലും അറബി പേര് ക്ഷേത്രത്തിനൊപ്പം ചുമന്ന് മതേതരത്വം തെളിയിക്കേണ്ട ബാധ്യത ഹിന്ദുവിനില്ല….ശബരിമലയില്‍ ഉള്ളത് ശിവഭൂതഗണമായ വാപുര സ്വാമിയാണ്…. അത് വിളിച്ച് പറയാനുള്ള ആര്‍ജവം ഒരു സന്യാസി കാണിച്ചാല്‍ ആ ശബ്ദത്തെ പിന്താങ്ങണം….”-ഫെയ്സ്ബുക്ക് കുറിപ്പില്‍ യുവരാജ് ഗോകുല്‍ പറയുന്നു.
അയ്യപ്പനെ ആക്രമിച്ച് തോൽപ്പിക്കാൻ എത്തിയ ആളാണ് വാവര്‍. വാവരുടെ ചരിത്രം തെറ്റാണ്. വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നത്. “- ശ്രീരാമദാസ മിഷൻ അധ്യക്ഷനായ ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സർക്കാരും ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദൽ ആയാണ് ഹൈന്ദവ സംഘടകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചത്.
















