പന്തളം: ശബരിമലയെ സംരക്ഷിക്കാന്‍ ‘ശബരിമല വിമോചന പ്രസ്ഥാനം’ ഉണ്ടാകണമെന്ന് മാസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ശബരിമല സംരക്ഷണ സംഗമ സെമിനാര്‍ സമാപന സഭയെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. പിണറായി, ക്ഷേത്രഭരണം ‘അമ്പലംവിഴുങ്ങികള്‍’ക്ക് വിട്ടുകൊടുത്തിരിക്കുയാണ്. പമ്പയില്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം പോലെ ശരണം വിളിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൊള്ളക്കാരെ പൊക്കിക്കൊണ്ടുവരികയാണ്. ശബരിമല നട തുറന്നിരുന്ന ദിവസമായിട്ടും ഇരുമുടിക്കെട്ടേന്തിയ ഒരു ഭക്തനും പമ്പയിലെ അയ്യപ്പ സംഗമത്തില്‍ കയറിയില്ല.
ശബരിമല ഹിന്ദു ക്ഷേത്രമാണ്. പിണറായി മതനിരപേക്ഷ കേന്ദ്രമെന്ന് പറഞ്ഞാല്‍ വിശ്വാസികള്‍ അംഗീകരിക്കില്ല. മതേതരം പറഞ്ഞ് ആചാരങ്ങള്‍ ലംഘിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാന്‍ പിന്‍മാറണം.
ശബരിമലയെ നശിപ്പിക്കാനും വിശ്വാസത്തെ തകര്‍ക്കാനുമുള്ള കുതന്ത്രവും ഭീഷണിയുമാണ് പമ്പയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് കേട്ടത്. ശബരിമലയെ ഹിന്ദുക്കള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും. ഗ്രാമങ്ങള്‍ തോറും അയ്യപ്പ സംഗമങ്ങള്‍ നടത്തി ശബരിമലയെ സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ശബരിമലയിലെ വികസനം എന്നത് വിശ്വാസികളുടെ ഹൃദയങ്ങളുടെ വികസനമാണ്. കോടികളുടെ കരാര്‍ നല്‍കി നിര്‍മാണം നടത്താനുള്ള നിക്ഷേപമാണ് സര്‍ക്കാര്‍ നോക്കുന്നത്. ശബരിമലയില്‍ ഭക്തര്‍ക്കു വേണ്ടത് സൗജന്യ ഭക്ഷണവും താമസവും ദര്‍ശന സൗകര്യവുമാണ്. ഭരിക്കുന്നവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ശബരിമല വികസനം സംബന്ധിച്ച് മാസ്റ്റര്‍ പ്ളാനും നിരവധി പഠന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതൊന്നും നടപ്പാക്കാതെ സര്‍ക്കാരും ബോര്‍ഡും പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനിറങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.
ശബരിമല സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും വലിച്ചെറിഞ്ഞ ശേഷമാണ് സര്‍ക്കാര്‍ പുതിയ കച്ചവടത്തിനിറങ്ങുന്നത്. 15 വര്‍ഷം മുമ്പ് 65 ലക്ഷം രൂപാ ചെലവിട്ട് ഡല്‍ഹിയിലെ ഇക്കോ സ്മാര്‍ട്ട് കമ്പനിയെ കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് എവിടെയാണ്? സുപ്രിം കോടതിയും ഹൈക്കോടതിയും അംഗീകരിച്ച റിപ്പോര്‍ട്ടാണിത്. ശബരിമല ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ട്രസ്റ്റുണ്ട്. ഇവയെല്ലാം എവിടെ പോയെന്ന് കുമ്മനം ചോദിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍.വി ബാബു അദ്ധ്യക്ഷത വഹിച്ചു.















