കൊച്ചി: ഇടപ്പളളി , മണ്ണൂത്തി ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വ്യാഴാഴ്ച വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.
ഇന്ന് ഹർജി പരിഗണിച്ച കോടതി മുരിങ്ങൂർ സർവീസ് റോഡ് തകർന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇന്നലെയാണ് തകർന്നതെന്നും താൽകാലിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ മറുപടി നൽകി. എന്നാൽ പൂർണമായും പരിഹരിച്ചിട്ടില്ല എന്നും കളക്ടർ കൂട്ടിച്ചേർത്തു. അതേസമയം പ്രശ്നങ്ങൾ പരിഹരിച്ചെന്ന് എൻഎച്ച്എഐ പറഞ്ഞു. എന്തുകൊണ്ട് റോഡ് തകർന്നുവെന്ന് കോടതി ചോദിച്ചു. ആഴത്തിൽ മണ്ണ് എടുത്തപ്പോഴാണ് തകർന്നത് എന്ന് മറുപടി നൽകി. പ്രശ്നം പെട്ടന്ന് പരിഹരിക്കാൻ കോടതി നിർദേശിച്ചു.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കടുത്ത ഗതാഗതക്കുരുക്കിനെ സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂർ ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
















