പുരന്ദരമണ്ഡപത്തിന്റെ കല്ലുപാകിയ മേല്‍ത്തട്ടിനെത്താങ്ങിനിര്‍ത്തുന്ന തൂണുകളൊന്നില്‍ചാരി അമന്‍ മുഹമ്മദ് മുമ്പില്‍ നുരയിട്ടൊഴുകുന്ന തുംഗഭദ്രയിലേക്ക് നോക്കിയിരുന്നു. വിത്തല ക്ഷേത്രത്തിന്റ സുന്ദരരൂപം മനസ്സില്‍ സൃഷ്ടിച്ച മായാജാല ലഹരിയുടെ വിടുതല്‍ മന്ദതയിലായിരുന്നവന്‍. അതോ തലേന്ന് ഹിപ്പികളുടെ കൂടെ ഉയര്‍ത്തിയ പുകവലയങ്ങളുടെ ലഹരിച്ചുരുളിലോ? കത്തിക്കയറുന്ന സൂര്യനെ തടയാന്‍ ശ്രമിക്കുന്ന ഇളംകാറ്റ്. ശബ്ദകോലാഹലങ്ങള്‍ക്കു മറപിടിക്കുന്ന ഓളങ്ങളുടെ നര്‍ത്തനാരവം പുരന്ദരന്റെ തമ്പുരയില്‍നിന്ന് ഒഴുകിയ നാദങ്ങളുടെ ആവര്‍ത്തനംപോലെ മുഴങ്ങുന്നതായി അവനുതോന്നി.
‘ജഗദോദ്ധാരണ ആഡിസിദളെ യശോദെ …ജഗദോദ്ധാരണ…’
മുഴുകിലയിച്ചു കല്ലുകളെയുരുക്കി തൂണിലേയ്‌ക്കലിയാന്‍ ശ്രമിക്കവേ കയറിവന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ ചിരിയവനെ ഉണര്‍ത്തി. ഓളത്തിന് പിന്നെയും ജലത്തിന്റെ ശബ്ദമായി. അമന്‍ എഴുന്നേറ്റു. മണ്ഡപത്തില്‍ നിന്നും കുനിഞ്ഞു പുറത്തേയ്‌ക്കിറങ്ങി ഊരിവച്ചിരിക്കുന്ന ഷൂവിന്റെ സമീപത്തേക്ക് നടന്നു. തുടര്‍ന്ന് തുംഗഭദ്രയുടെകരയിലൂടെ തണല്‍പറ്റിനടന്നു.
ജനങ്ങളുടെ തിരക്ക് അല്പംകുറഞ്ഞിട്ടുണ്ട്. നീണ്ടപാറകളിലെ ശോഷിച്ച മരങ്ങളുടെ നിഴലുകള്‍ക്ക് നീളംകുറഞ്ഞു തുടങ്ങി. ഇടക്കിടയ്‌ക്ക് കല്ലുപൂത്തുനില്‍ക്കുന്ന മണ്ഡപങ്ങളും ക്ഷേത്രങ്ങളും.
…പല്ലവി ഇല്ലെന്നാലും വരികള്‍ മനോഹരമായ, തുടക്കം മാഞ്ഞുപോയെങ്കിലും ത്രസിപ്പിക്കുന്ന, ഇതളുകള്‍ പിച്ചിച്ചീന്തിയെങ്കിലും സുഗന്ധം വമിക്കുന്ന കല്ലുകള്‍…
പെട്ടെന്ന് അമന്റെ മുമ്പിലൂടെ പൊടിപടലം പറത്തി കനത്ത കുതിരക്കുളമ്പടിയോടുകൂടി ഒരു തേര് പാഞ്ഞുപോയി. സംഗമ സാലുവ തുളുവ അരവിടു… ഏതു രാജവംശത്തിന്റെയായിരുന്നു ആ തേര്? ഹരിഹരനോ ബുക്കരായനോ ആരായിരുന്നു അത് തെളിച്ചത്? അതോ തളിക്കോട്ടയില്‍ ചോരയില്‍ക്കുതിര്‍ന്ന ചക്രങ്ങള്‍ വഹിച്ച സുല്‍ത്താനത്തുകളുടെ തേരായിരുന്നോ അത്?
നദിയിലെ വെള്ളം മുഖത്തു തളിച്ചപ്പോള്‍ തേര് മാഞ്ഞു. ഹംപിയിലെ ഓരോ മണല്‍ത്തരിയും തന്നിലുണ്ടാക്കുന്ന രാസമാറ്റത്തിനെക്കുറിച്ചവന്‍ പൂര്‍ണ്ണബോധവാനല്ല. തുംഗയിലെ വിട്ടലശ്രുതികളുയര്‍ത്തിയ വെള്ളംകൊണ്ട് വുദു ചെയ്തപ്പോള്‍ അവനു ദുവ ചെയ്യാന്‍ മനസ്സുവെമ്പി. ളുഹര്‍ന്റെ സമയമായിയെന്നു തോന്നുന്നു. ദിശയറിയില്ല. ദൂരെ ഉയര്‍ന്നുനില്‍ക്കുന്ന വിരൂപാക്ഷ ക്ഷേത്രഗോപുരം നോക്കിയവന്‍ നമസ്‌കരിച്ചു. പൊള്ളുന്ന പാറയില്‍ നെറ്റി മുട്ടിക്കുമ്പോള്‍ പരമകാരുണ്യവാന്‍ അവിടെ ഊതിതണുപ്പിച്ചു. ദൂരെയെവിടുന്നോ ഉപ്പുപ്പായുടെ നേര്‍ത്ത സ്വരമുയര്‍ന്നു. ‘പോകണ്ട മോനെ ..നീ പോയാല്‍ ഈ എനിക്കാരുണ്ട് ? ‘
ഉരുകുന്ന പാറകളിലൂടെയായി മുമ്പിലേക്കുള്ള വഴി. പാറയെ പിളര്‍ന്നൊരു വിടവ് തേര് പാഞ്ഞതിന്റെയാണോ ? ചാടിക്കടക്കവേ അമന്‍ തെന്നിവീണു. കാലില്‍ ചോരപൊടിഞ്ഞു. ഇടതുകാലിലെ ഷൂ, സോള്‍ വേര്‍പെട്ട് ദൂരെ തെറിച്ചുപോയി. നീറ്റല്‍ മാറിയപ്പോള്‍ അവനെഴുന്നേറ്റു. നഗ്‌നപാദങ്ങളില്‍ പഴുത്തകല്ലിന്റെ പൊള്ളിപ്പിക്കല്‍ സഹിക്കാതെയവനോടി. വിജനവും പരന്നതുമായ പാറ. ദൂരെ വലിയൊരു കുന്നിന്‍മുകളില്‍ ഒരു നിര്‍മിതി. ചെങ്കുത്തായ പടികള്‍ കയറി മുകളിലെത്തിയപ്പോള്‍ കല്‍പ്പാളികള്‍ക്കകത്തെ തണലിന്റെ തണുപ്പറ. ശില്പങ്ങളും കൊത്തുപണികളും നിറഞ്ഞ മറ്റൊരു സുന്ദരക്ഷേത്രം. മുമ്പില്‍ നീണ്ട കല്ലില്‍കൊത്തിയ മഹാമണ്ഡപം. പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ ഉപ്പാന്റെ മീസാന്‍കല്ലിന്റെ മിനുസവും തണുപ്പും ഓര്‍മ്മവന്നു.
തുംഗയിലെകാറ്റ്, വരണ്ട പാറയിലൂടെ സൂര്യന്റെ ശരമേറ്റ് പൊള്ളിയെങ്കിലും കനത്ത ക്ഷേത്രഗോപുര നടകളില്‍ത്തട്ടി തണുപ്പിന് കൂട്ടായൊഴുകിവന്നു. കിടന്നകിടപ്പില്‍ അമന്‍ അകത്തേയ്‌ക്ക് നോക്കി. ശൂന്യമായ ശ്രീകോവില്‍. ഉയര്‍ന്ന പീഠത്തില്‍ തകര്‍ന്നമൂര്‍ത്തിയുടെ ബാക്കിയായ പാദം മാത്രം. പുറത്തു കാവല്‍നില്‍ക്കുന്ന രണ്ടു ദ്വാരപാലകര്‍. വീരം നിറഞ്ഞുനില്‍ക്കുന്ന മുഖങ്ങള്‍. ഒരാളുടെ കൈയും മുഖത്തിന്റെ പാതിയും തകര്‍ത്തനിലയില്‍. കൊത്തുപണികള്‍ നിറഞ്ഞ മേലാപ്പ്. അവതാര ശില്പങ്ങള്‍ നിറഞ്ഞ മണ്ഡപത്തൂണുകള്‍ . ഇരുട്ടുനിറഞ്ഞ പ്രദക്ഷിണവഴിയുടെ മുകളില്‍ തൂങ്ങിയാടുന്ന നരിച്ചീറുകള്‍. കിടന്നകല്ല് പതിയെ അവനെ പുണരുന്നപോലെ തോന്നി . ഉയര്‍ന്നതൂണുകളും മേലാപ്പും അവനെ പുതപ്പിച്ചു. തുംഗയിലെ പുഷ്‌കരിണികളില്‍നിന്നുയര്‍ന്ന കാറ്റ് അവന്റെ കണ്‍പോളകളെ ഭാരം വയ്‌പ്പിച്ചടപ്പിച്ചു. അമന്‍ മുഹമ്മദ് , താന്‍ ജനിച്ചപ്പോഴേ മരിച്ച ഉമ്മാന്റെ മടിയിലെ, സ്വപ്‌നത്തില്‍ മാത്രം അനുഭവിച്ചിരുന്ന സുഖമറിഞ്ഞുറങ്ങിത്തുടങ്ങി.
റക്കത്തില്‍ അവന്‍ ബാലനായിരുന്നു. ഉപ്പൂപ്പായുടെ കൈപിടിച്ച് ഉപ്പാന്റെ ഖബറിന്റെ ഇളകിയ ചുമന്നമണ്ണിന്റെയരുകില്‍ ഇരിക്കുകയായിരുന്നവന്‍. ചെറുതായി ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു. ഉപ്പൂപ്പായുടെ ഷാള്‍ അവന്റെ തലയിലൂടെയിട്ടിരുന്നു. ഷാളിലെ അയഞ്ഞ നൂല്‍ അവന്‍ വലിച്ചുനീട്ടി കൈവിരലില്‍ച്ചുറ്റി ചേര്‍ന്നിരുന്നു. എങ്കിലും അവനു തണുത്തു. മൂക്കുതണുക്കുമ്പോള്‍ ഉപ്പാന്റെ നെഞ്ചിലെ രോമത്തില്‍ മുഖംപൂഴ്‌ത്തി കെട്ടിപ്പിടിച്ചുകിടക്കുമായിരുന്നു. ഉപ്പൂപ്പ കാണാതെ അവനാ മണ്ണിലേക്ക് മുഖമമര്‍ത്തി. മണ്ണിന്റെ ചൂരും ചെളിയും നിറഞ്ഞവനു ശ്വാസംമുട്ടി. ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍ ഇരുട്ടിത്തുടങ്ങിയിരുന്നു. പുറത്തു പാറയില്‍ വെളിച്ചമുണ്ടെങ്കിലും ക്ഷേത്രത്തിനകത്തിരുട്ട് കനത്തുവന്നു.
താന്‍ കിടക്കുന്ന കല്ലിനു ഇരുവശവും രൂപങ്ങളുടെ സാന്നിധ്യം അമന്‍ അറിഞ്ഞു. അരണ്ട വെളിച്ചത്തില്‍ രണ്ടു ആള്‍രൂപങ്ങളായവനുതോന്നി.
‘ ഞാന്‍ ജയന്‍ ‘
‘ ഞാന്‍ വിജയന്‍ ‘
ഇരുവശത്തുനിന്നും മുഴക്കമുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നു .
‘കാവല്‍ക്കാരാണ് ‘
‘ ക്ഷമിക്കണം ഞാന്‍ ഉറങ്ങിപ്പോയി ഇപ്പോള്‍ത്തന്നെ പൊയ്‌ക്കോളാം ‘ അമന്‍ അല്പം പേടിയോടെ പറഞ്ഞു.
‘അതിനു നീ ഉണര്‍ന്നില്ലല്ലോ?
ഉറങ്ങിക്കോളൂ… ‘
‘നിങ്ങള്‍ക്ക് ബുദ്ധിമുട്ടായല്ലേ ? ‘
‘ ഹ ഹ ബുദ്ധിമുട്ടോ ഞങ്ങള്‍ക്കോ… നൂറ്റാണ്ടുകളായി ഈ നില്‍പ്പല്ലേ? മൂര്‍ത്തിപോലുമില്ലാത്ത ക്ഷേത്രത്തിനു പുറത്തുപോലും പോകാതെ, രാപകലില്ലാതെ. ഏല്‍പ്പിച്ച ജോലിയോടുള്ള ഉത്തരവാദിത്തം. പിന്നെ ഉറങ്ങുന്ന നിന്നെ കാക്കാന്‍ എന്ത് ബുദ്ധിമുട്ട് ?’
‘നിങ്ങള്‍ അടിമകളാണോ ? പുറത്തുപോലും പോകാതെ? സ്വാതന്ത്ര്യമില്ലാതെ ?
‘ സ്വാതന്ത്ര്യമോ? നീ പറയൂ..നീ സ്വതന്ത്രനാണോ ? ‘
‘ പൂര്‍ണ സ്വതന്ത്രന്‍, അച്ഛനമ്മമാര്‍ ഇല്ല. കെട്ടുപാടുകളില്ല. ഉത്തരവാദിത്തങ്ങളില്ല. ഒഴുകുന്ന ഒരു ഇലപോലെ സ്വതന്ത്രന്‍. ഒഴുകി എത്തിച്ചേരുന്നയിടം എന്റെയിടം ‘
‘ജീവിതത്തോടുള്ള നിന്റെ സമരമാണ് നീ സ്വാതന്ത്ര്യമായി തെറ്റിദ്ധരിച്ചിരിക്കുന്നത്. ലക്ഷ്യമില്ലാതെ ഒഴുകുന്നതിനല്ല, ലക്ഷ്യത്തേയ്‌ക്ക് തടസ്സമില്ലാതെ ഒഴുകുന്നതിനുള്ള സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കുക. പറക്കുന്ന പക്ഷിക്ക് അതിരുകളില്ല. അതിനു ചെന്നുചേരാന്‍ കഴിയാത്ത ഉയരങ്ങളില്ല. പക്ഷെ താഴെ മരപ്പൊത്തിലെ കുഞ്ഞുകൂടാണതിന്റെ ലക്ഷ്യം. അവിടെച്ചെന്ന് ചേരാന്‍ കഴിയാതെവരുമ്പോഴാണ് അതിനു സ്വാതന്ത്ര്യമില്ലാത്തത് ‘
ജയനും വിജയനും തിരിഞ്ഞുനടന്ന് ശ്രീകോവിലിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചു. ഉയരത്തില്‍ തൂങ്ങിയാടിയിരുന്ന നരിച്ചീര്‍ക്കൂട്ടങ്ങള്‍ ഒരുമിച്ച് പുറത്തേയ്‌ക്ക് പറന്നുപോയി. തുംഗയിലെ തണുത്തകാറ്റ് അമന്റെ തലമുടിയില്‍ തലോടി ചെവിക്കരുകിലൂടെ കറങ്ങി. ഉപ്പുപ്പാന്റെ ശബ്ദമായിരുന്നു അതിന്. രാത്രിയില്‍ ചെറുചൂടായ കല്ലില്‍ തന്റെ തണുത്ത മൂക്കമര്‍ത്തിവച്ച് അമന്‍ മുഹമ്മദ് ഉറക്കം തുടര്‍ന്നു. ഉറക്കത്തിന്റെ അടുത്തയാമത്തില്‍ സ്വപ്‌നമായ് താന്‍ നടന്നവഴികളവന്റെ മുമ്പില്‍ തെളിഞ്ഞു. മൂലാധാരമായ പുരന്ദര മണ്ഡപത്തില്‍ നിന്നു സാധന ജപ ധ്യാന പ്രാര്‍ത്ഥനകളോടുകൂടി തുംഗയാകുന്ന നാഡിയിലൂടെയുള്ള പ്രയാണം. ആജ്ഞയില്‍ നിന്നും സഹസ്രചക്രത്തിലേക്കുയരാതെ, തേടിയതല്ല ഉപേക്ഷിച്ചതാണ് സത്യമെന്ന സ്വയം ബോധത്തില്‍, ബോധമണ്ഡലത്തിന്റെ ചുറ്റിലും നിറഞ്ഞിരുന്ന ഇരുണ്ടമാറാലകള്‍ ഇരതേടിയൊഴിയുന്ന നരിച്ചീറുകളെപ്പോലെ ഒഴിപ്പിച്ച്, ഇല്ലയെന്നഹങ്കരിച്ച സുഖ ബന്ധനങ്ങളിലേക്കു താഴുന്ന സര്‍പ്പിളശക്തി. സുഗുണബ്രഹ്മദര്‍ശനത്തില്‍ പോലും അഴിയാതെ അടിപ്പിച്ചുകൊണ്ടിരുന്ന ഉപ്പുപ്പായുടെ ഷാളിലെ അയഞ്ഞ നൂല് ….
















