കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃത കീര്‍ത്തി പുരസ്‌കാരം പി.ആര്‍. നാഥന്. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീ ശില്‍പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
നോവലിസ്റ്റ്, തിരക്കഥാ കൃത്ത്, നാടക കൃത്ത്, ചെറുകഥാ കൃത്ത്, യാത്രാ വിവരണ എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പി.ആര്‍. നാഥന്‍. മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം പിറന്നാളായ 27നു കൊല്ലം അമൃതപുരി അമൃത വിശ്വവിദ്യാപീഠം കാമ്പസിലെ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സ്വാമി അമൃതസ്വരൂപാനന്ദപുരി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. എം. ലക്ഷ്മീകുമാരി, പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദപുരി എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
തത്വ ചിന്താപരമായ രചനകളിലൂടെ മലയാള സാഹിത്യത്തെ ദാര്‍ശനിക തലത്തിലേക്കുയര്‍ത്തിയ കഥാകാരനാണ് പി.ആര്‍. നാഥനെന്നും എഴുത്തില്‍ നന്മയും സ്‌നേഹവും മാത്രമാണ് അദ്ദേഹം ഇതിവൃത്തമാക്കിയതെന്നും ആ സന്ദേശത്തിനാണ് പുരസ്‌കാരമെന്നും മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു. പ്രഭാഷണങ്ങളിലൂടെ പ്രായോഗിക ജീവിതത്തിന്റെ ദാര്‍ശനിക വീക്ഷണത്തെ പരിചയപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 21 നോവലുകളും അഞ്ഞൂറില്‍ അധികം ചെറുകഥകളും വിവിധ വിഭാഗങ്ങളിലായി 55ലധികം പുസ്തകങ്ങളും സിനിമ-നാടകങ്ങളും എഴുതിയിട്ടുണ്ട്.
















