സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാന ട്രെഞ്ചിനും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതശിഖരമായ എവറസ്റ്റ് കൊടുമുടിക്കും പൊതുവായി എന്താണുള്ളത്? ഭൂമിയിലെ ഏറ്റവും വിദൂരവും അപ്രാപ്യവുമായ പരിസ്ഥിതികളാണെങ്കിലും, അവയില്‍ രണ്ടിലും മൈലുകള്‍ അകലെയുള്ള മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ കാണാനാവും. അവിശ്വസനീയമാംവിധം വഴക്കമുള്ളതും വൈവിധ്യപൂ
ര്‍ണ്ണവും ഈടുനില്‍ക്കുന്നതുമായ ഒരു വസ്തുവെന്ന നിലയില്‍ പ്ലാസ്റ്റിക് കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ ഭൂമിയിലെ സര്‍വ്വവ്യാപിയായ മാലിന്യമായി മാറി. പതിറ്റാണ്ടുകളുടെ സാമ്പത്തിക വളര്‍ച്ചയും വലിച്ചെറിയാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന ആശ്രിതത്വവും നിയന്ത്രിക്കപ്പെടാത്ത മാലിന്യങ്ങളുടെ ഒരു പ്രവാഹത്തിന് കാരണമായി, അത് തടാകങ്ങളിലേക്കും നദികളിലേക്കും തീരപ്രദേശങ്ങളിലേക്കും ഒടുവില്‍ കടലിലേക്കും എത്തിച്ചേരുന്നു. കടലിലെത്തുന്ന ഖരമാലിന്യങ്ങളില്‍ സിംഹഭാഗവും പ്ലാസ്റ്റിക്കുകളാണ്, നമ്മുടെ തീരപ്രദേശങ്ങളിലും, അഴിമുഖങ്ങളിലും, സമുദ്രജല പ്രവാഹങ്ങളിലും, വിദൂര ദ്വീപുകളിലും, കടല്‍ മഞ്ഞിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍ തോതില്‍ കാണപ്പെടുന്നു.
തീരദേശത്തും സമുദ്രങ്ങളിലും എത്തിച്ചേരുന്ന മാലിന്യങ്ങളില്‍ ഏറ്റവും പ്രധാനം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. സമുദ്രാവശിഷ്ടങ്ങള്‍ എന്നാല്‍, സമുദ്രത്തില്‍ ഒഴുകിയെത്തുന്നതും, സമുദ്രത്തിലും തീരദേശങ്ങളിലും ഉപേക്ഷിക്കുകയോ, നശിപ്പിച്ചു തള്ളുകയോ ചെയ്യുന്നതും, മലിനീകരണത്തിന് സ്ഥിര കാരണമായ നിര്‍മിതികളോ അവയില്‍ നിന്നു പുറന്തള്ളുന്ന ഖര-ദ്രവ വസ്തുക്കളുമാണ്. കരയിലും സമുദ്രത്തിലും നിലനില്‍ക്കുന്ന മനുഷ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. കാറ്റ്, നദികള്‍, ജലപ്രവാഹങ്ങള്‍ എന്നിവയിലൂടെ ഇവയെല്ലാം കടലിലേക്ക് കൊണ്ടുപോകപ്പെടുന്നു.
സമുദ്ര മാലിന്യങ്ങളിലെ സാധാരണ വസ്തുക്കളില്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. മനുഷ്യന്‍ വലിച്ചെറിയുന്ന വിവിധ പ്ലാസ്റ്റിക് വസ്തുക്കള്‍, മത്സ്യബന്ധന ഉപകരണങ്ങളുടെ ഭാഗങ്ങള്‍, ഗ്ലാസ്സ് – സെറാമിക്‌സ് അവശിഷ്ടങ്ങള്‍, വിവിധ തരം ലോഹ അവശിഷ്ടങ്ങള്‍, റബര്‍ വസ്തുക്കള്‍, ടെക്‌സ്‌റ്റൈല്‍-ഫാഷന്‍ മാലിന്യങ്ങള്‍,സംസ്‌കരിച്ച തടിയുടെ ഭാഗങ്ങള്‍ തുടങ്ങിയവ.
വ്യാവസായിക മലിനീകരണം, എണ്ണ ചോര്‍ച്ച എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, സമുദ്ര മലിനീകരണം പലപ്പോഴും പൊതുജനശ്രദ്ധയില്‍ പെടാറില്ല. കടലില്‍ എത്തുന്ന മാലിന്യങ്ങള്‍ ഉപരിതലത്തിനടിയില്‍ പൊങ്ങിക്കിടക്കുകയോ വന്‍തോതില്‍ അടിത്തട്ടില്‍ എത്തുകയോ ചെയ്യുന്നതിനാല്‍ മലിനീകരണത്തിന്റെ വ്യാപ്തി മിക്കവാറും അദൃശ്യമാണ്. കടലിലെത്തുന്ന മാലിന്യങ്ങളില്‍ മിക്കവയും കരസ്രോതസ്സുകള്‍, ഉള്‍നാടന്‍ ജലപാതകള്‍, അഴുക്കുചാലുകള്‍, ടൂറിസ്റ്റ് ബീച്ചുകള്‍, മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴിയാവും എത്തിച്ചേരുക. കൂടാതെ, ഓരോ മഴയിലും മലിനജലവും മാലിന്യവും അഴുക്കുചാലുകളിലൂടെയും കനാലുകളിലൂടെയും നദികളിലേക്കും ഒടുവില്‍ കടലിലേക്കും ഒഴുകുന്നു. പോളിത്തീന്‍ ബാഗുകള്‍, കുപ്പികള്‍, റാപ്പറുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിന്നുള്ള മൈക്രോബീഡുകള്‍, മത്സ്യബന്ധന വലകള്‍, സിഗരറ്റ് കുറ്റികള്‍- ഒന്നും ഒഴിവാക്കപ്പെടുന്നില്ല. 7500 കിലോമീറ്ററിലധികമായി വ്യാപിച്ചുകിടക്കുന്ന ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീരദേശ മേഖല ഏറ്റവുമധികം മലിനീകരണപ്രശ്‌നം നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നാണ്.
നദികള്‍, അഴിമുഖങ്ങള്‍, കായലുകള്‍ എന്നിവയുടെ സങ്കീര്‍ണമായ ശൃംഖലയുള്ള കേരളം, കരയില്‍ നിന്ന് മാലിന്യങ്ങള്‍ സമുദ്രത്തിലെത്തുന്നതിന് നേരിട്ടുള്ള പാത തുറന്നുനല്‍കുന്ന പ്രദേശമാണ്.
മൈക്രോപ്ലാസ്റ്റിക്: പുതിയ വെല്ലുവിളി
കടലില്‍ തിരയുടെയും ജലപ്രവാഹങ്ങളുടെയും സാന്നിധ്യത്തില്‍ വലിയ പ്ലാസ്റ്റിക്കുകള്‍ സൂക്ഷ്മ പ്ലാസ്റ്റിക്കുകളായി (മൈക്രോപ്ലാസ്റ്റിക്) മാറുന്നു.
5 മില്ലിമീറ്ററില്‍ താഴെ വലുപ്പമുള്ള മൈക്രോ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ലോകമെമ്പാടുമുള്ള സമുദ്ര പരിസ്ഥിതികളില്‍ വ്യാപകവും സ്ഥിരവുമായ ഒരു മലിനീകരണ ഘടകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. സമുദ്രവ്യവസ്ഥയില്‍ ഉയര്‍ന്നുവരുന്ന മലിനീകരണ വസ്തുക്കളാണ് മൈക്രോ ഫിബ്രിലുകളും നാനോപ്ലാസ്റ്റിക്‌സും. ഇവ പാരിസ്ഥിതികവും ആരോഗ്യപരവുമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. കഴുകുമ്പോള്‍ സിന്തറ്റിക് തുണിത്തരങ്ങളില്‍ നിന്ന് പുറംതള്ളപ്പെടുന്ന മൈക്രോഫിബ്രിലുകളും, ഒരു മൈക്രോമീറ്ററില്‍ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് കണികകളായ നാനോപ്ലാസ്റ്റിക്‌സും വലിയ പ്ലാസ്റ്റിക്കുകളുടെയോ നേരിട്ടുള്ള വ്യാവസായിക സ്രോതസ്സുകളുടെയോ ജീര്‍ണ്ണതയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ചെറിയ വലുപ്പം കാരണം ഈ കണികകള്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഇത് ഫില്‍ട്ടറേഷന്‍ സംവിധാനങ്ങളെ മറികടന്ന് ജലപാതകളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നു. ഒപ്പം, ഇത്തരം അതിസൂക്ഷ്മ കണികകള്‍ മനുഷ്യരക്തക്കുഴലുകളുടെ അരിച്ചെടുക്കല്‍ സംവിധാനങ്ങളെ മറികടന്ന് വിവിധ മര്‍മ്മപ്രധാനമായ അവയവങ്ങളിലും എത്തപ്പെടുന്നു എന്നാണ് പുതിയ കണ്ടെത്തലുകള്‍.
അറബിക്കടലിന്റെ പ്രവാഹങ്ങളാലും മണ്‍സൂണ്‍ ചക്രങ്ങളാലും സജീവമായ കേരളത്തിന്റെ തീരപ്രദേശങ്ങള്‍, വ്യത്യസ്തമായ മൈക്രോപ്ലാസ്റ്റിക് ഗതാഗതവും അവശിഷ്ടങ്ങളുടെ ചലനാത്മകതയും പ്രകടമാക്കുന്നു.
പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍
കടലില്‍ പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രധാന പ്രശ്ങ്ങളില്‍ ഒന്ന് അവയെ സമുദ്രജീവികള്‍ ആഹാരമാക്കുന്നതും, മാലിന്യങ്ങളില്‍ കുടുങ്ങി അവ മരണപ്പെടുന്നതും അംഗഭംഗം സംഭവിക്കുന്നതും ആണ്. കടലാമകള്‍ പ്ലാസ്റ്റിക് ബാഗുകളെ ജെല്ലിഫിഷായി തെറ്റിദ്ധരിച്ച് ഭക്ഷണമാക്കുന്നു. മത്സ്യങ്ങള്‍ മൈക്രോപ്ലാസ്റ്റിക് കഴിക്കുകയും പക്ഷികള്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളില്‍ (പ്രേതവലകള്‍) കുടുങ്ങുന്നത്, ഡോള്‍ഫിനുകള്‍ക്കും ആമകള്‍ക്കും മറ്റ് സമുദ്ര ജീവികള്‍ക്കും പരിക്കിനും മരണത്തിനും പ്രധാന കാരണമായി മാറുന്നുണ്ട്. കേരളതീരത്തും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടല്‍പക്ഷികളിലും ജീവികളിലും വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.
കടലില്‍ പ്ലാസ്റ്റിക്കിന്റെ അമിത സാന്നിധ്യം പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുന്നു.
2017-2018 കാലയളവില്‍ കേരള തീരത്തെ ആറ് ബീച്ചുകളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ അളവ്, ഘടന, കാലാനുസൃതമായ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം പ്ലാസ്റ്റിക് വസ്തുക്കളാണെന്ന് കണ്ടെത്തി (എണ്ണത്തില്‍ 73.8%, ഭാരത്തില്‍ 59.9%). മറ്റ് ബീച്ചുകളെ അപേക്ഷിച്ച് ഉയര്‍ന്ന മത്സ്യബന്ധന തീവ്രതയുള്ള ബീച്ചുകളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കള്‍ നാലിരട്ടി കൂടുതലായി കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വര്‍ക്കല, കോവളം, ഫോര്‍ട്ട് കൊച്ചി പോലുള്ള ജനപ്രിയ ബീച്ചുകളില്‍ ഇടയ്‌ക്കിടെ മാലിന്യം അടിഞ്ഞുകൂടുന്നത് ടൂറിസത്തെയും ബാധിക്കുന്നു.
മനുഷ്യര്‍ കഴിക്കുന്ന ഉപ്പും, മത്സ്യങ്ങളും, കക്കയിറച്ചിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യ ശൃംഖലയിലേക്ക് മൈക്രോപ്ലാസ്റ്റിക് / നാനോ പ്ലാസ്റ്റിക് പ്രവേശിച്ചിട്ടുണ്ട്. വായുവിലൂടെ ആളുകള്‍ മൈക്രോപ്ലാസ്റ്റിക് ശ്വസിക്കുകയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും അവയെ കഴിക്കുകയും ചര്‍മ്മത്തിലൂടെ പോലും അവ ആഗിരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. നമ്മുടെ തലച്ചോറ്, ശ്വാസകോശം, കരള്‍, പ്ലീഹ, വൃക്കകള്‍ എന്നിവയില്‍ പോലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ നവജാത ശിശുക്കളുടെ പ്ലാസന്റകളില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. ഗവേഷണ മേഖല പുതിയതായതിനാല്‍ മനുഷ്യന്റെ ആരോഗ്യത്തില്‍ സൂക്ഷ്മ പ്ലാസ്റ്റിക്കുകളുടെ സ്വാധീനത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും, മീഥൈല്‍ മെര്‍ക്കുറി, പ്ലാസ്റ്റിസൈസറുകള്‍, ഫയര്‍ റിട്ടാര്‍ഡന്റുകള്‍ തുടങ്ങിയ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട രാസവസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമെന്നും ആരോഗ്യപരമായ ആശങ്കകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗണ്യമായ തെളിവുകളുണ്ട്. പ്ലാസ്റ്റിക്കുകളില്‍ കാണപ്പെടുന്ന ചില സാധാരണ രാസവസ്തുക്കളായ ബിസ്‌ഫെനോള്‍-എ, ഫ്താലേറ്റുകള്‍, പോളിക്ലോറിനേറ്റഡ് ബൈഫെനൈലുകള്‍ (പി.സി.ബി) എന്നിവ ശരീരത്തിലേക്ക് എത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഈ രാസവസ്തുക്കള്‍ എന്‍ഡോക്രൈന്‍ തടസ്സം, വളര്‍ച്ചാ വൈകല്യങ്ങള്‍, പ്രത്യുല്‍പാദന അസാധാരണതകള്‍, കാന്‍സര്‍ എന്നിവക്ക് കാരണമാകുന്നതിനാല്‍ മുന്‍കരുതല്‍ സമീപനം സ്വീകരിക്കുന്നതിന് മതിയായ കാരണമാണ്. കൂടാതെ, ചെറിയ ഉപരിതല വിസ്തീര്‍ണ്ണം കാരണം മൈക്രോപ്ലാസ്റ്റിക്കുകള്‍ ചുറ്റുമുള്ള വെള്ളത്തില്‍ നിന്ന് ദോഷകരമായ രാസവസ്തുക്കള്‍, ഘനലോഹങ്ങള്‍, രോഗാണുക്കള്‍ ഉള്‍പ്പടെയുള്ള സൂക്ഷ്മജീവികള്‍ എന്നിവയെ ആഗിരണം ചെയ്യുന്നതിനാല്‍ കൂടുതല്‍ അപകടകരമാണ്. ഭക്ഷ്യ ശൃംഖലയിലൂടെ മുകളിലേക്ക് നീങ്ങുമ്പോള്‍ ഈ രാസവസ്തുക്കള്‍ക്കെല്ലാം ജൈവവിപുലീകരണം (ബയോമാഗ്‌നിഫിക്കേഷന്‍) സംഭവിക്കുന്നു. കൂടാതെ, പ്ലാസ്റ്റിക് അതിന്റെ ജീവിതചക്രത്തിലുടനീളം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ഊര്‍ജ്ജം ആവശ്യമുള്ള ഒരു പ്രക്രിയയായ പ്ലാസ്റ്റിക് ഉല്‍പാദനം 2020 ല്‍ ഗ്രഹത്തെ ചൂടാക്കുന്ന ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ മൂന്ന് ശതമാനത്തിലധികത്തിന് കാരണമായതായി ഗവേഷകര്‍ കണക്കാക്കുന്നു.
നാളെ: കടലിനും വേണം കടലോളം കരുതല്‍
















