കണ്ണൂര്‍:സെന്‍ട്രല്‍ ജയിലിലേക്ക് വീണ്ടും ലഹരിയെറിഞ്ഞ് നല്‍കി.എട്ട് കെട്ട് ബീഡിയാണ് മൂന്നംഗ സംഘം എറിഞ്ഞു നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.ഉദ്യോഗസ്ഥരെ കണ്ടതും ഇവര്‍ ഓടി രക്ഷപ്പെട്ടു.ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിനിടെ കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരിയെത്തിച്ച കേസില്‍ സംഘത്തിലെ പ്രധാനി മജീഫ് പിടിയിലായി. നിരവധി ലഹരി കേസുകളിലെ പ്രതിയാണ് ഇയാള്‍.മൊബൈല്‍ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലില്‍ എത്തിക്കാന്‍ പുറത്ത് വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് നേതൃത്വം നല്‍കുന്നത് സെന്‍ട്രല്‍ ജയിലിലെ മുന്‍ തടവുകാരാണെന്നാണ് കണ്ടെത്തല്‍.
ജയിലും പരിസരവും നന്നായി അറിയുന്ന ഇവര്‍ ലഹരി വസ്തുക്കള്‍ ആസൂത്രിതമായാണ് കടത്തുന്നത്. തടവുകാരുടെ സന്ദര്‍ശകരായി ജയിലില്‍ എത്തി സാധനങ്ങള്‍ എറിഞ്ഞു നല്‍കേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. ശേഷം ഈ വിവരം കൂലിക്ക് എറിഞ്ഞുനല്‍കുന്നവര്‍ക്ക് കൈമാറും. തടവുകാരുടെ ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയും ജയിലില്‍ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് കിട്ടും. ജയിലില്‍ നിന്ന് ഫോണിലൂടെയും വിവരങ്ങള്‍ പുറത്തേക്ക് കൈമാറും.ജയിലില്‍ എത്തുന്ന ലഹരി മരുന്നുകളും മദ്യവും തടവുകാര്‍ക്ക് വില്‍പ്പന നടത്താന്‍ പ്രത്യേക സംഘം ഉളളിലുണ്ട്. മൊബൈല്‍ ഫോണ്‍ എറിയവെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
















