നാഗ് പുർ: ആരുണ്ട് ഈ മാതൃക അനുകരിക്കാൻ? ആർക്കുണ്ട് ഇങ്ങനെ വെളിപ്പെടുത്താൻ ധൈര്യം? കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു.
”എനിക്ക് പണക്കൊതിയില്ല, സംന്യാസിയല്ല, എനിക്ക് കുടുബേമുണ്ട്, സത്യസന്ധമായ മാർഗ്ഗത്തിൽ പണമുണ്ടാക്കാനും ജീവിക്കാനുമറിയാം. എത്തനോൾ വിഷയത്തിൽ ഞാൻ നടത്തുന്ന ഗവേഷണങ്ങളും പരീക്ഷണങ്ങളും എനിക്കുവേണ്ടിയല്ല, കർഷകർക്കുവേണ്ടിയാണ്. വിദർഭയിൽ പതിനായിരം കർഷകരാണ് ഇതിനകം ആത്മഹത്യചെയ്തത്. അത് ലജ്ജാകരമാണ്,” നിതിൻ ഗഡ്കരി വിശദീകരിച്ചു. നാഗ്പുരിൽ അഗ്രികോസ് വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതിൻ ഗഡ്കരിയുടെ മകൻ കയറ്റുമതി ബിസിനസിലാണ്. ഈ സംരംഭങ്ങളിൽ നിതിൻ ഗഡ്കരിയും പങ്കാളിയാണെന്നും മറ്റുമുള്ള ആക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അദ്ദേഹം നടത്തിയ ധീരമായ വെളിപ്പെടുത്തലുകളിൽ ചിലത് ഇങ്ങനെ:
– ഞാൻ മകന് ഉപദേശങ്ങൾ കൊടുക്കാറുണ്ട്. അത് എന്റെ ആശയങ്ങളാണ്. എന്റെ തലച്ചോറിന് മാസം 200 കോടിയുടെ വിലയുണ്ടെന്നാണ് ഞാൻ കരുതുന്നത്.
– ഞാൻ നടത്തുന്ന പ്രവർത്തനങ്ങൾ (എത്തനോൾ വികസന ഗവേഷണം) ആശയപരമാണ്. അത് എനിക്ക് പണമുണ്ടാക്കാനല്ല, കർഷകർക്കുവേണ്ടിയാണ്.
– ചില രാഷ്‌ട്രീയക്കാർ അവരുടെ നേട്ടത്തിനായി ജനങ്ങളെ രാഷ്‌ട്രീയമായി തമ്മിലടിപ്പിക്കുന്നു, അതവരുടെ രാഷ്‌ട്രീയ താൽപര്യമാണ്.
– എനിക്കും ഒരു കുടുംബവും വീടുമുണ്ട്. ഞാനും സംന്യാസിയൊന്നുമല്ല. എനിക്ക് പണത്തിന് പഞ്ഞം വന്നിട്ടേയില്ല. പണമുണ്ടാക്കാൻ ഞാൻ തരംതാഴാറുമില്ല. വിദർഭയിൽ 10,000 കർഷകർ ആത്മഹത്യചെയ്ത സംഭവങ്ങൾ ലജ്ജാകരമാണ്. നമ്മുടെ കർഷകർക്ക് എല്ലാവർക്കും ക്ഷേമമുണ്ടാകുംവരെ ഞങ്ങൾ പ്രവർത്തനം തുടരും.
– എന്റെ മകൻ (സാരംഗ് ഗഡ്കരി) കയറ്റുമതി ബിസിനസിലാണ്. അടുത്തിടെ മകൻ 800 കണ്ടൈനർ ആപ്പിൾ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തു. 1000 കണ്ടൈനർ വാഴപ്പഴം അങ്ങോട്ടയച്ചു.
– മകൻ ഗോവയിൽനിന്ന് 300 കണ്ടൈനർ മത്സ്യം സെർബിയയിലേക്ക് അയച്ചു. പാൽപ്പൊടി ഉണ്ടാക്കുന്ന ഫാക്ടറി ഓസ്‌ട്രേയലിയയിൽ നടത്തുന്നു. അബുദാബി തുടങ്ങിയ മറ്റു രാജ്യങ്ങളുമായും മകന് ബിസിനസ് ഇടപാടുണ്ട്.
– മകന് 26 ധാന്യമില്ലുകളുണ്ട്. അവ ഐടിസിയുമായി ചേർന്നുള്ളവയാണ്. എനിക്ക് അഞ്ചുലക്ഷം അരിപ്പൊടിയുടെ ആവശ്യമുണ്ട്. അതിനാണ് ഈ മില്ലുകൾ.
















