- സീറ്റുകള്‍ ഓരോ കോഴ്‌സിനും 50 വീതം
- പ്രവേശന വിജ്ഞാപനം www.lbscentre.in ല്‍
- സപ്തംബര്‍ 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും
- അപേക്ഷാ ഫീസ് 800 രൂപ. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപ
കണ്ണൂര്‍ പറശ്ശിനിക്കടവ് എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ 2025-26 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ് (ആയുര്‍വേദം), ബിഫാം (ആയുര്‍വേദം) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ സപ്തംബര്‍ 12 വരെ അപേക്ഷിക്കാം. എല്‍ബിഎസ് സെന്ററാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാ ഫീസ് 800 രൂപ. രണ്ട് കോഴ്‌സുകള്‍ക്കുംകൂടി ഒറ്റ അപേക്ഷ മതി. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 400 രൂപ.
ഓണ്‍ലൈനായോ വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്‌ക്കാം. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എന്നിവ www.lbscentre.in, www.lbscentre.kerala.gov.in- എന്നീ വെബ്‌സൈറ്റില്‍ ലഭിക്കും. കേരള ആരോഗ്യ സര്‍വ്വകലാശാല (കെയുഎച്ച്എസ്) അംഗീകരിച്ച കോഴ്‌സുകളാണിത്.
കോഴ്‌സുകളുടെ കാലാവധി 4 വര്‍ഷം വീതമാണ്. ഒാരോ കോഴ്‌സിലും 50 സീറ്റുകള്‍ വീതമുണ്ട്. കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങൡപ്പെടുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശന യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. എസ്ഇബിസി വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പാസായിരുന്നാല്‍ മതി. 17 വയസ് തികഞ്ഞിരിക്കണം. 35 വയസ് കവിയാനും പാടില്ല.
സെലക്ഷന്‍: യോഗ്യതാപരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ അവസാനവര്‍ഷ പരീക്ഷയുടെ ആകെ മാര്‍ക്ക് പരിഗണിച്ച് ഓരോ കോഴ്‌സിനും പ്രത്യേകം റാങ്ക്‌ലിസ്റ്റുകള്‍ തയ്യാറാക്കും. റാങ്കും കോഴ്‌സ് ഓപ്ഷനുകളും അടിസ്ഥാനമാക്കിയാവും സീറ്റ് അലോട്ട്‌മെന്റ്.
കോഴ്‌സ് ഫീസ്: ബിഎസ്‌സി നഴ്‌സിങ് (ആയുര്‍വേദം)- വാര്‍ഷിക ട്യൂഷന്‍ ഫീസ് 53000 രൂപ. സ്‌പെഷ്യല്‍ ഫീസ്- ആദ്യവര്‍ഷം 25,000 രൂപ, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 20,000 രൂപ വീതം.
ബിഫാം (ആയുര്‍വേദം)- വാര്‍ഷിക ട്യൂഷന്‍ ഫീസ് 63,600 രൂപ. സ്‌പെഷ്യല്‍ ഫീസ് ആദ്യവര്‍ഷം 30,000 രൂപ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 25,000 രൂപ വീതം.
സംവരണമടക്കം കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും എല്‍ബിഎസ് സെന്ററിന്റെ ഔദേ്യാഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.











