കൊച്ചി: തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. എറണാകുളം ആർടിഒ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (AMVI) ബിനുവിനെയാണ് ജനങ്ങൾ തടഞ്ഞത്. ഇയാൾക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്.
തൃക്കാക്കര തോപ്പിൽ ജങ്ഷനിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ആർടിഒ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇദ്ദേഹം വാഹനങ്ങൾ പരിശോധിച്ചിരുന്നത്. തൃക്കാക്കരയിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന കുടുംബത്തിൽനിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും. തുടർന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് വാഹന പരിശോധന നടത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നിയമനടപടികൾ ആരംഭിച്ചു. സംഭവത്തിൽ മോശമായി സംസാരിച്ചതടക്കം ചൂണ്ടിക്കാണിച്ച് മത്സ്യവിൽപ്പന നടത്തിയിരുന്ന കുടുംബം തൃക്കാക്കര പോലീസിൽ പരാതി അറിയിച്ചിട്ടുണ്ട്.
















