തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ തിരികെ ഏല്‍പ്പിക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി. തിരുവനന്തപുരത്തും കണ്ണൂരിലും 20 ഷോപ്പുകളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഇന്ന് ബോട്ടിലുകള്‍ തിരികെ നല്‍കുന്നതിന് തുടക്കം കുറിക്കുന്നത്. ഓരോ കുപ്പിയുടെ മുകളിലും ലേബല്‍ ഉണ്ടാകും. 20 രൂപയുടെ ഡെപ്പോസിറ്റ് വാങ്ങും. ബോട്ടില്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ 20 രൂപ തിരികെ നല്‍കും.
ജനുവരി ഒന്ന് മുതല്‍ പൂര്‍ണ തോതില്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതിലേയ്‌ക്കായി ക്ലീന്‍ കേരള കമ്പനിയുമായാണ് ബെവ്‌കോ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. വാങ്ങിയ അതേ ഷോപ്പില്‍ തിരിച്ചു നല്‍കുന്ന തരത്തിലാണ് ക്രമീകരണം. മറ്റ് ഷോപ്പുകളില്‍ തിരിച്ചെടുക്കുന്നതും ആലോചിക്കും. ആര്‍ക്കും കുപ്പി ഷോപ്പില്‍ എത്തിക്കാം. ഒക്ടോബര്‍ ഒന്നു മുതല്‍ 15, 20 രൂപയുടെ ബാഗുകള്‍ നല്‍കും. പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്ന രീതി ഇനി മുതല്‍ ഉണ്ടായിരിക്കില്ല. സ്വന്തമായി ക്യാരിബാഗുകള്‍ കൊണ്ടുവരാമെന്നും ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി.














