ന്യൂദല്‍ഹി: മഹാരാഷ്‌ട്ര ഗവര്‍ണറായി സേവനമനുഷ്ഠിക്കവേയാണ് സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കെത്തുന്നത്. ലളിതവും സംശുദ്ധവുമായ രാഷ്‌ട്രീയ ജീവിതത്തിന് ഉടമയാണ് സി.പി. രാധാകൃഷ്ണന്‍. ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെക്കുറിച്ച് വിശേഷിപ്പിച്ചത്.
ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന്‍ എന്ന സി.പി. രാധാകൃഷ്ണന്‍ 1957 മെയ് നാലിന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. അച്ഛന്‍ സി.കെ. പൊന്നുസ്വാമി. അമ്മ: ജാനകി. സ്‌കൂള്‍ പഠനത്തിനുശേഷം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടി. ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്. 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന നിര്‍വാഹകസമിതി അംഗമായി. ബിജെപി രൂപീകരണത്തിനുശേഷം പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിച്ചു. 1996ല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയായി.
കോയമ്പത്തൂരില്‍ നിന്ന് 1998ല്‍ ആദ്യമായി ലോക്സഭാംഗമായി. എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ തമിഴ്നാട്ടില്‍ നിന്ന് ലോക്സഭയിലെത്തിയ ആദ്യ മൂന്നുപേരില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. 1999ല്‍ അദ്ദേഹം വീണ്ടും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. എംപിയായിരിക്കെ ടെക്സ്റ്റൈല്‍സിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനായി. 1998 മുതല്‍ 2004 വരെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മിറ്റിയിലും ധനകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിച്ച പാര്‍ലമെന്റിന്റെ പ്രത്യേക കമ്മിറ്റിയിലും അംഗമായിരുന്നു. 2004ല്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു. തായ്വാനിലേക്കുള്ള ആദ്യ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.
2004 മുതല്‍ 2007 വരെ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു. ഈ സമയത്താണ് 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റര്‍ രഥയാത്ര നടത്തിയത്. 2016 മുതല്‍ 2020 വരെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി ആസ്ഥാനമായ കയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി. ഈ കാലഘട്ടത്തില്‍ ഭാരതത്തില്‍ നിന്നുള്ള കയര്‍ കയറ്റുമതി 2,532 കോടി രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. 2020 മുതല്‍ 2022 വരെ ബിജെപി കേരളഘടകം പ്രഭാരിയുമായിരുന്നു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെയാണ് 2023 ഫെബ്രുവരിയില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. ആദ്യത്തെ നാല് മാസത്തിനുള്ളില്‍ അദ്ദേഹം ഝാര്‍ഖണ്ഡിലെ 24 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സംവദിച്ചു. തെലങ്കാന ഗവര്‍ണര്‍, പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നീ അധികചുമതലകളും അദ്ദേഹം വഹിച്ചു. 2024 ജൂലൈ 27ന് മഹാരാഷ്‌ട്ര ഗവര്‍ണറായി നിയമിതനായി. ആര്‍. സുമതിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
















