കഴിഞ്ഞ കുറച്ചുമാസങ്ങളായി, ഭാരതവും അമേരിക്കയുമായുള്ള ബന്ധം പരസ്പര വിശ്വാസവുമായി ബന്ധപ്പെട്ട ഗുരുതര പ്രതിസന്ധിയില്‍ കുടുങ്ങിയിരിക്കുകയാണ്. താരിഫ് നയം, റഷ്യയുമായുള്ള ഭാരതത്തിന്റെ പ്രത്യേക ബന്ധം, പാകിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളോടുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ സമീപനം എന്നിവ സംബന്ധിച്ച ആഴത്തിലുള്ള തര്‍ക്കമാണ് ഇതിന്റെ പശ്ചാത്തലം.
അമേരിക്കയില്‍നിന്നുള്ള ഇറക്കുമതിക്കു ന്യൂദല്‍ഹി ചുമത്തുന്ന ഉയര്‍ന്ന താരിഫുകളിലെ അതൃപ്തി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
എന്നിരുന്നാലും, അതിനപ്പുറം മറ്റു പ്രശ്‌നങ്ങളുമുണ്ടായിരുന്നു. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ഭാരതം, ട്രംപിന്റെ വാക്കാലുള്ള കഠിനമായ ആക്രമണത്തിനു വിധേയമായി. റഷ്യയുടെയും ഭാരതത്തിന്റേയും സമ്പദ്വ്യവസ്ഥകളെ ”മൃതസമ്പദ്വ്യവസ്ഥകള്‍” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അവ ‘പരസ്പരം ഉന്മൂലനം ചെയ്യുന്നു’ എന്നും അവകാശപ്പെട്ടു. കൂടാതെ അവരുടെ വ്യാപാരം ഉക്രൈനെതിരായ മോസ്‌കോയുടെ യുദ്ധയന്ത്രത്തിന് ഇന്ധനം നല്‍കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഉക്രൈനില്‍ മൃതിയടഞ്ഞവരെ ശ്രദ്ധിക്കുന്നില്ല’ എന്നും ട്രംപ് പറഞ്ഞു. ആ പ്രസ്താവന വ്യക്തിപരമായ അധിക്ഷേപവും ലോക ശക്തിയായി ഉയര്‍ന്നുവരുന്ന ഭാരതത്തിന്റെ സ്ഥാനത്തെ അപമാനിക്കുന്നതുമായിരുന്നു.
പാകിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളില്‍, നിഷ്പക്ഷ മധ്യസ്ഥനായി സ്വയംസ്ഥാപിക്കാന്‍ ട്രംപ് ശ്രമിച്ചു. അദ്ദേഹം കടുത്ത സമ്മര്‍ദം ചെലുത്തി. ഇരുവശത്തും ഉപരോധമേര്‍പ്പെടുത്തുമെന്നു ഭീഷണി മുഴക്കി. തുടര്‍ന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനവും വന്നു. പിന്നീട്, പാകിസ്ഥാന്‍ അദ്ദേഹത്തിന്റെ മധ്യസ്ഥതയെ പ്രശംസിച്ച്, അദ്ദേഹത്തിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ മറുവശത്ത്, ന്യൂദല്‍ഹി വാഷിങ്ടണിന്റെ പങ്കു കുറച്ചുകാണുകയാണുണ്ടായത്. ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള വിശ്വാസക്കുറവ് ആഴത്തില്‍ വ്യക്തമായ മറ്റൊരു സന്ദര്‍ഭമാണിത്.
മോദിയുടെ കടുത്ത പ്രതികരണം സാമ്പത്തിക-സൈനിക സംഘര്‍ഷത്തില്‍നിന്നു മാത്രമല്ല, വ്യക്തിപരവും ദേശീയവുമായ അന്തസ് വ്രണപ്പെട്ടതാണെന്ന തോന്നലില്‍നിന്നുകൂടിയാണു പ്രധാനമായും ഉടലെടുത്തത്. യുഎസ് പ്രസിഡന്റ് ട്രംപില്‍ നിന്നുള്ള നാലു ഫോണ്‍വിളികളും അദ്ദേഹം നിരസിച്ചു. ഈ പശ്ചാത്തലത്തില്‍, ഇസ്രയേലിനു സുപ്രധാന പാഠങ്ങള്‍ പഠിക്കാനാകും.
ഖാന്‍ യൂനിസ് സംഭവം
ആഗസ്ത് 25-നു ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രയേലി ഷെല്‍ പതിക്കുകയുണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍, ഐഡിഎഫ് വക്താവും ചീഫ് ഓഫ് സ്റ്റാഫും പ്രധാനമന്ത്രിയും പ്രതികരിക്കാന്‍ മുന്നോട്ടുവന്നു. ‘നിരപരാധികളായ സാധാരണക്കാരെ’ ഉപദ്രവിച്ചതിന് ഐഡിഎഫ് വക്താവ് ഇംഗ്ലീഷില്‍ ക്ഷമാപണം നടത്തി. അടിയന്തര അന്വേഷണം ഉണ്ടാകുമെന്നു ഇസ്രയേല്‍ ചീഫ് ഓഫ് സ്റ്റാഫ് പ്രഖ്യാപിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ഈ സംഭവത്തെ ‘വേദനാജനകം’ എന്നു വിശേഷിപ്പിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചു.
ഈ മൂന്നു പ്രസ്താവനകളും അന്താരാഷ്‌ട്രതലത്തിലുയരുന്ന പൊതുജനാഭിപ്രായത്തെ ശാന്തമാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നില്ല; സംഭവത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഗൗരവമായ ആശങ്കയും, ഒരുപക്ഷേ പരിഭ്രാന്തിയും, പ്രകടിപ്പിക്കുന്നതുകൂടിയായിരുന്നു.
ഭാരതത്തില്‍ നിന്നുള്ള പാഠം
ഇവിടെയാണു നാം മോദിയുടെ മാതൃകയിലേക്കു മടങ്ങേണ്ടത്. ട്രംപില്‍നിന്നു വാക്കാല്‍ അഭൂതപൂര്‍വമായ ആക്രമണങ്ങള്‍ നേരിട്ട മോദി, ക്ഷമാപണം നടത്താന്‍ തിടുക്കം കാട്ടിയില്ല; പകരം, രാഷ്‌ട്രത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ചു ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചു.
അദ്ദേഹത്തിന്റെ സമീപനം കടുപ്പമേറിയതായി തോന്നിയേക്കാം. പക്ഷേ, അതു നല്‍കുന്നതു വ്യക്തമായ സന്ദേശമാണ്. ഭാരതം കീഴടങ്ങുന്നതോ താഴ്ന്നനിലയിലുള്ളതോ ആയ രാഷ്‌ട്രമെന്ന നിലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന സന്ദേശം.
നേരേ മറിച്ച്, ഖാന്‍ യൂനിസ് സംഭവത്തില്‍ ഇസ്രയേല്‍ അമിതമായ സുതാര്യതയും ഉത്കണ്ഠയും പ്രകടിപ്പിക്കുന്ന പ്രവണതയാണു കാണിച്ചത്. ഇതു താല്‍ക്കാലിക നാശനഷ്ടങ്ങള്‍ കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടുള്ള സമീപനമായിരിക്കാം. എന്നാല്‍, ഈ നിലപാടു തന്ത്രപരമായ ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്കു കോട്ടമുണ്ടാക്കും.
ദുഷ്‌കരവും സങ്കീര്‍ണവുമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍പോലും ഒരു രാഷ്‌ട്രം അതിന്റെ അന്തസ് കാത്തുസൂക്ഷിക്കണം എന്നതാണ് ഇതിന്റെ സംക്ഷിപ്തം. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ തിടുക്കം കാണിക്കുന്നതു ബലഹീനതയായി വ്യാഖ്യാനിക്കപ്പെടാം; എതിരാളികള്‍ അതു ചൂഷണം ചെയ്‌തേക്കാം. അത്തരം നിമിഷങ്ങളില്‍ സൂക്ഷ്മമായി സംസാരിക്കുകയും സ്വന്തം സിദ്ധാന്തങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടതും അനിവാര്യമാണ്.
ഭാരതത്തില്‍ നിന്നു നമുക്കു മനസിലാകുന്നത്, രാഷ്‌ട്രത്തിന്റെ അന്തസ് ആഡംബരമല്ലെന്നും; മറിച്ച്, ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്ന തന്ത്രപ്രധാന ആസ്തിയാണെന്നുമാണ്. നിലനില്‍പ്പും സുരക്ഷയും ഉറപ്പാക്കാന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ലോകത്തിനു മുന്നില്‍ ഉറച്ച പ്രതിരോധശേഷി പ്രകടമാക്കണം. അന്താരാഷ്‌ട്രസമ്മര്‍ദം ശക്തമാകുമ്പോള്‍പോലും ക്ഷമാപണം വൈകിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇതിന്റെ അര്‍ഥം.
(സാക്കി ഷാലോം ദി ജറുസലേം പോസ്റ്റിലെഴുതിയ ലേഖനത്തിന്റെ പരിഭാഷ)
















