കൊച്ചി : ഒരു സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് എഴുത്തുകാരൻ എം.എന്‍ കാരശ്ശേരി . പ്രത്യേകിച്ച് ഇടതുപക്ഷ സര്‍ക്കാര്‍. ഇതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത് ? ഒരു മതേതര സര്‍ക്കാര്‍ ഒരിക്കലും ഒരു പ്രത്യേക മതത്തിന്റെ ചടങ്ങ് നടത്താന്‍ പാടില്ലെന്നും കാരശേരി സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
അന്ന് വിധിയുടെ കൂടെ നിന്ന പിണറായി സര്‍ക്കാരാണ് ഇന്ന് അയ്യപ്പ സംഗമവുമായി രംഗത്ത് വരുന്നത്. ഇത് ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ടാണ്. മുസ്‌ലിം വോട്ടുകള്‍ ഇനി തങ്ങള്‍ക്ക് കിട്ടില്ലെന്ന് അവര്‍ക്ക് ഉറപ്പായിട്ടുണ്ട്. അപ്പോള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് നേടാന്‍ ഇവര്‍ക്ക് ഹിന്ദു വോട്ടുകള്‍ കിട്ടിയേ മതിയാവൂ. ഇതിനുള്ള മാര്‍ഗമായിട്ടാണ് അയ്യപ്പ സംഗമത്തെ കാണുന്നത്.
അന്ന് ശബരിമലയെ ബിജെപി സുവര്‍ണാവസരമാക്കാന്‍ നോക്കുന്നു എന്ന് പറഞ്ഞവരാണ് ഇന്ന് അയ്യപ്പ സംഗമം നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ശരിക്കും സുവര്‍ണാവസരമാക്കാന്‍ നോക്കുന്നത് സി.പി.എം തന്നെയാണ്. ശബരിമലയെ പൊടി തട്ടിയെടുത്ത് അയ്യപ്പ സംഗമം നടത്താന്‍ പോവുന്നത് എന്ത് നാണം കെട്ട പരിപാടിയാണ്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവരാണ് ഇങ്ങനെയുള്ള പരിപാടിയുമായി മുന്നോട്ടു പോവുന്നതെന്ന് ഓര്‍ക്കണം. ഇനി സര്‍ക്കാര്‍ ചിലവില്‍ ഹജ്ജ് സംഗമം കൂടി നടത്തുമോ എന്നാണ് കണ്ടറിയേണ്ടത്.
ബിന്ദു അമ്മിണിയെ പോലുള്ളവരെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിച്ച് നടത്തേണ്ട വിപ്ലവമായിരുന്നില്ല ഇത്. പകരം ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയോട് സമയം ചോദിച്ച് എല്ലാവരെയും ചര്‍ച്ചയ്‌ക്ക് വിളിച്ച് സാവധാനം നടപ്പിലാക്കേണ്ട കാര്യമായിരുന്നു. അങ്ങനെയാണ് മഹാരാഷ്‌ട്രയില്‍ ഫഡ്‌നാവിസൊക്കെ ചെയ്തത്.
കേരളത്തിലെ എത്ര മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. വിരലില്‍ എണ്ണാവുന്നതേ ഉണ്ടാവൂ. എന്തുകൊണ്ടാണ് ഇതിനെപ്പറ്റി അവര്‍ മിണ്ടാത്തതും ആചാര സംരക്ഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതും. ഇതിന് കാരണം മുസ്‌ലിം വോട്ടുബാങ്ക് പേടിച്ചായിരുന്നു. ഇനി ഒരുപക്ഷെ പറഞ്ഞുവെന്ന് വരാം. കാരണം മൂസ്സീം വിഭാഗത്തിന്റെ വോട്ട് അവര്‍ക്ക് കിട്ടില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇത്തരം അവസരവാദ നിലപാട് സ്വീകരിക്കുന്നവരാണ് ഇന്ന് അയ്യപ്പ സംഗമവുമായി എത്തുന്നത്.
സ്വന്തം മുഖം പോലും പുറത്ത് കാണിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവരായിരുന്നു അന്ന് വനിതാ മതിലില്‍ പങ്കെടുത്തത്. ബലപ്രയോഗം മാത്രമേ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് അറിയുകയുള്ളൂ. അതിനായി പോലീസ് ഉദ്യോഗസ്ഥരെയടക്കം അഴിച്ചുവിടുകയും ചെയ്യുന്നു. ഇതിനെ വലിയ രീതിയില്‍ പുകഴ്‌ത്തുന്ന ഒരാള്‍ മുഖ്യമന്ത്രി കൂടി ആവുമ്പോള്‍ പറയേണ്ട കാര്യമില്ലല്ലോ. കോണ്‍ഗ്രസിന് പാര്‍ട്ടിയെ വളര്‍ത്താനൊന്നും അറിയില്ല . ഇന്ത്യയില്‍ എവിടെയും ബിജെപി വളരാന്‍ കാരണം ഹിന്ദു വര്‍ഗീയതയൊന്നുമല്ല. കോൺഗ്രസിന്റെ അഴിമതിയും കെടുകാര്യസ്ഥതയും കൊള്ളരുതായ്‌മയും കൊണ്ട് തന്നെയാണ്. ജനങ്ങള്‍ക്ക് വേറൊരു നല്ല ഓപ്ഷനില്ല എന്നതാണ് യാഥാര്‍ഥ്യം- എന്നും കാരശേരി പറയുന്നു.
















