ന്യൂദല്‍ഹി:: മോദിയും ട്രംപും തമ്മില്‍ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോദി തന്റെ നല്ല സുഹൃത്താണെന്നും മികച്ച പ്രധാനമന്ത്രിയുമാണെന്ന ട്രംപിന്റെ പ്രസ്താവനയോട് മോദി പോസിറ്റീവായി നല്‍കിയ പ്രതികരണം ഇരുരാജ്യങ്ങളും തമ്മില്‍ ശത്രുത വെടിഞ്ഞ് സൗഹൃദത്തോടെ മുന്നോട്ട് പോകുന്നതിന് കളമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരു പക്ഷെ വൈകാതെ ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ പ്രതികാരച്ചുങ്കം ഒഴിവാക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് കരുതുന്നു.
ഇന്ത്യാ-യുഎസ് ബന്ധം എക്കാലത്തും ഭാവിയെ ഉറ്റുനോക്കുന്ന സമഗ്രമായ തന്ത്രപ്രധാന ബന്ധമാണെന്നായിരുന്നു മോദി എക്സില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇന്ത്യയും യുഎസും തമ്മില്‍ ഒരു സവിശേഷ ബന്ധമാണുള്ളതെന്നും ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഉള്ള ട്രംപിന്റെ വികാരത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായും മോദി എക്സിലെ സന്ദേശത്തില്‍ കുറിച്ചിരുന്നു. “ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും ഞാന്‍ മോദിയുമായി റോസ് ഗാര്‍ഡന്‍ വരെ പോയിരുന്നുവെന്നും എക്സില്‍ ട്രംപ് കുറിച്ചിരുന്നു.
ജയശങ്കറിന്റെ അനുകൂല പ്രതികരണം
യുഎസും ഇന്ത്യയുമായുള്ള പ്രത്യേക സൗഹൃദത്തെ മോദി വിലമതിക്കുന്നുവെന്ന് മാത്രമല്ല, ഇന്ത്യ-യുഎസ് ബന്ധത്തിന് വലിയ പ്രാധാന്യമാണ് മോദി നല്‍കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറും പ്രതികരിച്ചു.
എന്തായാലും ട്രംപിന്റെയും മോദിയുടെയും അനുകൂല പ്രതികരണങ്ങള്‍ നല്ലൊരു സൂചനയാണെന്നും ഇത് ഭാവിയില്‍ ഇന്ത്യ-യുഎസ് ബന്ധത്തിലെ മഞ്ഞുരുക്കിയേക്കാമെന്നും ഇന്ത്യയുടെ നെതര്‍ലാന്‍റ്സ് അംബാസഡറായ വേണു രാജാമണി വിലയിരുത്തുന്നു.
















