തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ തൃശൂര്‍ ഡിഐജി ഹരിശങ്കര്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി. ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാലു ഉദ്യോഗസ്ഥര്‍ക്കും രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് നല്‍കിയില്ലെന്നും സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ഉള്ളൂ .കോടതിയും ആ കേസ് മാത്രമാണ് എടുത്തതെന്നാണ് റിപ്പോര്‍ട്ടില്‍ ഉളളത്. നിലവില്‍ കുന്നംകുളം കോടതി നേരിട്ട് കേസ് അന്വേഷിക്കുന്നുണ്ട്. കോടതി ഉത്തരവ് വന്ന ശേഷം തുടര്‍ നടപടി ആകാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പൊലീസ് ഭീഷണി ചോദ്യം ചെയ്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് അതിക്രൂരമായി തല്ലച്ചതയ്‌ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. 2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ലഭിച്ചത്.
ചൊവ്വന്നൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം അന്വേഷിച്ചത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാന്‍ സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോയത്.സ്റ്റേഷനില്‍ എത്തിയത് മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ എത്തും മുമ്പും മര്‍ദ്ദിച്ചെന്ന് സുജിത്ത് പറഞ്ഞു.
















