മുംബൈ: ഡോളര്‍ പലിശ നിരക്ക് കുറയ്‌ക്കാനുള്ള അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ തീരുമാനം സെപ്തംബറില്‍ നടപ്പാക്കുമെന്നതിനാല്‍ ഡോളര്‍ കൂടുതല്‍ ദുര്‍ബലമാവുകയാണ്. ഡോളര്‍ ശക്തിപ്പെടുന്നത് മൂലം യുഎസില്‍ നിന്നുള്ള കയറ്റുമതി ബിസിനസുകാര്‍ കഷ്ടപ്പെടുന്നതിനാലാണ് ഡോളറിന്റെ പലിശനിരക്ക് കുറയ്‌ക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. പക്ഷെ അത് ഫെഡ് റിസര്‍വ്വ് ചെയര്‍മാന്‍ പവല്‍ സമ്മതിച്ചിരുന്നില്ല. കാരണം പണപ്പെരുപ്പം കൂടുമെന്ന ആശങ്കയായിരുന്നു പവലിന്. പക്ഷെ ഇപ്പോള്‍ ഡോളര്‍ പലിശനിരക്ക് കുറയ്‌ക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.
ഇതോടെ ഇന്ത്യന്‍ ഓഹരിവിപണിയിലെ ലോഹമേഖലയിലെ ഓഹരികള്‍ മുകളിലേക്ക് കുതിച്ചു. ഡോളര്‍ നിരക്ക് കുറഞ്ഞതോടെ ചരക്ക് വില കുറയുന്നതോടെ ഡിമാന്‍റ് കൂടുന്നതാണ് ലോഹ ഓഹരികളുടെ വില കൂടാന്‍ കാരണമായത്. സെയില്‍, ടാറ്റാ സ്റ്റീല്‍, എന്നീ സ്റ്റീല്‍ ഓഹരികളുടെ വില 4 ശതമാനവും 6 ശതമാനവും ഉയര്‍ന്നിരുന്നു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍റ് പവര്‍ 5.49 ശതമാനവും ഉയര്‍ന്നു.
സ്റ്റീല്‍ ഓഹരികള്‍ മാത്രമല്ല, മറ്റ് ലോഹ ഓഹരികളുടെ വിലയും ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ കോപ്പര്‍ (4.31 ശതമാനം) ഉയര്‍ന്നു. നാഷണല്‍ അലൂമിനിയം കമ്പനി (നാല്‍കൊ), ഹിന്‍ഡാല്‍കോ, വേദാന്ത, എന്‍എംഡിസി എന്നീ ഓഹരികള്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയും ഉയര്‍ന്നു.
ഡോളര്‍ ദുര്‍ബലമാവുമ്പോള്‍ അന്തരാഷ്‌ട്ര ബിസിനസുകാര്‍ കമ്മോഡിറ്റികള്‍ വാങ്ങിക്കൂട്ടുക പതിവാണ്. ഇത് ഇന്ത്യയിലെ ലോഹനിര്‍മ്മാണക്കമ്പനികള്‍ക്ക് ആവേശമേകി. കാരണം ഡിമാന്‍റ് കൂടുന്തോറും ഉല‍്പാദനം കൂട്ടാന്‍ കഴിയുമെന്നതാണ് ഇവരുടെ നേട്ടം.
















