സോഫിയ (ബള്‍ഗേറിയ): യൂറോപ്യന്‍ യൂണിയന്‍ (ഇയു) കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയന്റെ വിമാനത്തിന് ബള്‍ഗേറിയന്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാങ്കേതിക തടസം. ബള്‍ഗേറിയയിലേക്ക് അടുത്തതോടെ വിമാനത്തിന്റെ ജിപിഎസ് നാവിഗേഷന്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് ഭൂപടം ഉപയോഗിച്ചാണ് വിമാനം ലാന്‍ഡ് ചെയ്തത്.
ഞായറാഴ്ചയായിരുന്നു സംഭവം. ഉര്‍സുലയുടെ വിമാനം ബള്‍ഗേറിയന്‍ വിമാനത്താവളത്തിലേക്ക് അടുത്തതോടെ ജിപിഎസ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഒരു മണിക്കൂറോളം വിമാനത്താവളത്തിനു ചുറ്റും പറന്നശേഷം അനലോഗ് മാപ്പുകള്‍ ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാമെന്ന് പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
സംഭവം ബള്‍ഗേറിയന്‍ എയര്‍ ട്രാഫിക് സര്‍വീസസ് അതോറിറ്റിയും സ്ഥിരീകരിച്ചു. 2022 ഫെബ്രുവരി മുതല്‍ ജിപിഎസ് ജാമിങ്, സ്പൂഫിങ് എന്നിവ വര്‍ദ്ധിച്ചിട്ടിട്ടുണ്ട്. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ വിമാനത്തിന്റെയും വിമാനത്താവളത്തിന്റെയും സംവിധാനങ്ങളെ വിവിധ തരത്തില്‍ ബാധിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.
അതേസമയം റഷ്യന്‍ സൈബര്‍ ആക്രമണമാണ് സാങ്കേതിക തടസത്തിന് പിന്നിലെന്നും സംശയമുണ്ട്. ആരോപണം റഷ്യന്‍ വക്താവ് ദിമിത്ര പെസ്‌കോവ് തള്ളി. യൂറോപ്യന്‍ കമ്മിഷനും ഇതുവരെ പ്രതികരിച്ചിട്ടില്ല. പോളണ്ടിലെ വാര്‍സോയില്‍ നിന്നാണ് ഉര്‍സുല ബള്‍ഗേറിയയിലേക്കു എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കു നേരെ ആക്രമണം നടത്തേണ്ടിവന്നാല്‍ ഇയു രാജ്യങ്ങളുടെ തയാറെടുപ്പുകള്‍ എന്തൊക്കെയെന്നു വിലയിരുത്താനാണ് ഉര്‍സുല എത്തിയത്.













