തിരുവനന്തപുരം: വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്രം പറയുന്നു. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം നടന്ന് 3 വർഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്. ഏവിയേഷൻ നിയമം ചുമത്തിയതിനാലാണ് കേന്ദ്രാനുമതി തേടിയത്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉളളിൽ വച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2022 ജൂൺ 13ന് ആണ് സംഭവം. ഫർസീൻ മജീദ്, ആർകെ നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺ്ഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്. ഗൂഡാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻറയാിരുന്ന കെഎസ് ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.
വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ വച്ച് യാത്രക്കാരെനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.
പ്രത്യേകസംഘം അന്വേഷണം നടത്തിയാണ് പ്രോസിക്യൂഷൻ അനുമതിക്കായി കുറ്റപത്രം സർക്കാരിന് നൽകിയത്. വ്യോമയാന നിയമമുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി. കേന്ദ്രാനുമതി ലഭിക്കാത്തിനാൽ മൂന്നു വർഷമായി മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല.
















