ബംഗളൂരു: കര്‍ണ്ണാടകയിലെ ഷഹാപൂരില്‍ ഒരു സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനും പ്രിന്‍സിപ്പലുമടക്കം അഞ്ചു പേരെ സസ്‌പെന്‍ഡു ചെയ്തു. വിദ്യാഭ്യാസ സ്ഥാപന സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, സയന്‍സ് അധ്യാപകന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ എന്നിവരെയാണ് കൃത്യവിലോപത്തിന്‌റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. 17 വയസ്സുള്ള പെണ്‍കുട്ടി പൂര്‍ണ്ണഗര്‍ഭിണിയായി സ്‌കൂളിലെത്തിയിട്ടും പെരുമാറ്റത്തിലോ ശാരീരിക മാറ്റത്തിലോ ഒരു അസ്വാഭാവികതയും ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകരുമടക്കമുള്ളവര്‍ക്ക് തോന്നിയില്ലെന്നത് അത്ഭുതകരമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്‌കൂളിലെ ടോയ്ലറ്റില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സ്‌കൂള്‍ ഇടവേള സമയത്ത് പെണ്‍കുട്ടി വേദനകൊണ്ടുപുളയുന്നതും പ്രസവിക്കുന്നതും കണ്ട് സഹപാഠികളാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ അജ്ഞാതനായ ഒരാള്‍ ലൈംഗികമായി പീഡിച്ചുവെന്നാണ് വിവരം. എന്നാല്‍ ആരാണ് പീഡിപ്പിച്ചതെന്നോ, എന്താണ് സംഭവിച്ചതെന്നോ വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയ്യാവുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.















