സംസ്ഥാനത്തെ ഒരു മന്ത്രി കേവലപൗരനല്ല. ഏതെങ്കിലുമൊരാള്‍ കാര്യഗൗരവമില്ലാതെ ആ മട്ടില്‍ പെരുമാറിയാല്‍ തന്നെ സമൂഹത്തിന്റെ ചാലകശക്തിയാകേണ്ട വിദ്യാഭ്യാസമന്ത്രാലയത്തിനു നേതൃത്വം നല്‍കുന്നയാള്‍ അങ്ങനെയായിക്കൂടാ. ഉണ്ടിരിക്കുമ്പോള്‍ തോന്നുന്ന വിളിക്കനുസരിച്ച് നയപ്രഖ്യാപനം നടത്തുന്ന മന്ത്രിയുടെ രീതി വിദ്യാഭ്യാസമേഖലയില്‍ അലോസരമുണ്ടാക്കാനേ സഹായിക്കൂ.
മുന്‍പിന്‍ നോക്കാതെ തീരുമാനമെടുക്കുന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ സ്വഭാവം ലോകര്‍ക്കുമുമ്പില്‍ വെളിപ്പെട്ട ആദ്യസന്ദര്‍ഭം സംസ്ഥാന കലോത്സമാണ്. കോവിഡിനെതുടര്‍ന്ന് മുടങ്ങിപ്പോയ കലോത്സം രണ്ടു വര്‍ഷത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ അഭൂതപൂര്‍വ്വമായ പൊതുജനപങ്കാളിത്തമാണ് കോഴിക്കോടുണ്ടായത്. ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം അപ്പീലുകള്‍ കുറഞ്ഞതിനാല്‍ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും ആ കലോത്സവത്തെ ശ്രദ്ധേയമാക്കിഎന്നാല്‍ നവമാധ്യങ്ങളില്‍ ഉയര്‍ന്നുവന്ന ചര്‍ച്ച ഇതെക്കുറിച്ചൊന്നുമായിരുന്നില്ല. കലോത്സവത്തിലെ ഭക്ഷണ വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് വിവാദമുയര്‍ന്നത്. രണ്ടു കാര്യങ്ങളാണ് വിമര്‍ശകര്‍ ഉന്നയിച്ചത്. ഒന്ന്, കലോത്സവത്തില്‍ സസ്യാഹാരം മാത്രമേ നല്‍കുന്നുള്ളൂ. സസ്യേതര വിഭവങ്ങളും വേണം. രണ്ട് സവര്‍ണ വിഭാഗത്തില്‍പ്പെട്ട ഒരാളാണ് പാചകത്തിനു പതിവായി നേതൃത്വം നല്‍കുന്നത്. അതു മാറണം.
കലോത്സവത്തിരക്കിനിടയില്‍ മത്സരാര്‍ഥികളായ കുട്ടികളോ അദ്ധ്യാപകരോ സംഘാടകരോ ഒന്നുമല്ല, പുറമെ നിന്നുള്ള ഭക്ഷണപ്രിയരായ ചിലരാണ് വിവാദത്തിനു പിന്നിലെന്നു വ്യക്തമായിരുന്നു. എന്നിട്ടും അടുത്ത കലോത്സവം മുതല്‍ സസ്യേതര വിഭവങ്ങള്‍ കൂടി വിളമ്പുമെന്ന്, വിവാദമുയര്‍ന്ന പടി, വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. കാര്യമായ ഒരു ചര്‍ച്ചയും നടത്താതെയുണ്ടായ ആ പ്രഖ്യാപനം ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യതയെന്ന് അപ്പോള്‍ തന്നെ വ്യക്തമായിരുന്നു.
ഇതൊന്നും ആലോചിക്കാതെ മന്ത്രി പ്രഖ്യാപനം നടത്തി. അടുത്ത വര്‍ഷം മുതല്‍ സസ്യേതരവിഭവങ്ങളും വിളമ്പും. അതിന്റെയര്‍ത്ഥം പാചകപ്പുരയില്‍ പഴയിടമുണ്ടാവുകയില്ല എന്നു കൂടിയാണല്ലോ. പക്ഷേ, പിറ്റേ വര്‍ഷമായപ്പോള്‍ കലോത്സവത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോള്‍തന്നെ, മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായെന്ന് ബോധ്യപ്പെട്ടു. പഴയിടത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സസ്യഭക്ഷണശാലയില്‍ മന്ത്രി എത്തുകയും ചെയ്തു. വീണ്ടുവിചാരമില്ലാതെ തീരുമാനമെടുക്കുന്നതിലെ മണ്ടത്തരം വെളിവായിട്ടും അനുഭവത്തില്‍ നിന്നു പാഠം പഠിക്കാന്‍ മന്ത്രിയും വകുപ്പും തയ്യാറായിട്ടില്ലെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു.
സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിക്കുന്നതിലുള്ള തീരുമാനവും തിടുക്കപ്പെട്ടുള്ളതായിരുന്നു. ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയപ്പോള്‍ കണ്ട മന്ത്രിയുടെ പതറിച്ച അതു തെളിയിച്ചു. അര മണിക്കൂറിന്റെ വ്യതിയാനം ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു നിമിത്തമായി. ഒടുക്കം, പതിവുപോലെ കുതിരയ്‌ക്കു മുമ്പില്‍ വണ്ടിയെ കെട്ടി, തീരുമാനമെടുത്ത ശേഷം എതിര്‍പ്പുള്ളവരെ വിളിച്ചു ചര്‍ച്ച ചെയ്തു. എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചകള്‍ നടത്തി, വ്യവസ്ഥാപിത രീതിയില്‍ സമയം പുന:ക്രമീകരിച്ചിരുന്നെങ്കില്‍ ഇങ്ങനെ മടയില്‍ച്ചെന്നു തല കുനിക്കേണ്ട ദുരവസ്ഥയില്‍ വിദ്യാഭ്യാസ മന്ത്രി പെടില്ലായിരുന്നു.
ഏതാനും മണിക്കൂറുകള്‍ അധികം കിട്ടുമെന്ന ന്യായത്തില്‍ ഈ പുന:ക്രമീകരണമായിരുന്നോ യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. നമ്മുടെ വിദ്യാഭ്യാസരംഗം നേരിടുന്ന കടുത്ത വെല്ലുവിളികളിലൊന്ന് തികച്ചും അശാസ്ത്രീയമായ രീതിയില്‍ ഇന്നും തുടര്‍ന്നുപോരുന്ന സമയക്രമാണ്. പകല്‍ മുഴുക്കെ കുട്ടികള്‍ പള്ളിക്കൂടത്തിലാണിപ്പോഴും. കടുത്ത ശൈത്യമേഖലയില്‍പ്പോലും അതിരാവിലെ ക്ലാസു തുടങ്ങുമ്പോഴാണ് ഉച്ചയ്‌ക്ക് തൊട്ടു മുമ്പ് ബെല്ലടിച്ചുതുടങ്ങുന്ന നമ്മുടെ പഠനക്രമം.
ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്‌കരിച്ചുകൊണ്ടിറങ്ങിയ ഉത്തരവും ഇതുപോലെ അപ്രതീക്ഷിതമായിരുന്നു. ഏറെക്കുറെ പരാതികളില്ലാതെ, വിഭവസമൃദ്ധമല്ലെങ്കിലും, സംവിധാനത്തിനു താങ്ങാനാവും വിധത്തിലാണ് ഉച്ചഭക്ഷണം പദ്ധതി പൊയ്‌ക്കൊണ്ടിരുന്നത്. പൊടുന്നനെയാണ് അതുപോരെന്ന് ഉന്നതങ്ങളിലുള്ളവര്‍ക്കു തോന്നുന്നത്. മെനുവില്‍ കാര്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി കുട്ടികള്‍ക്ക് ഇഷ്യപ്പെട്ട സമൃദ്ധമായ, ആഹാരം വിളമ്പുന്നതിനെ ആരും എതിര്‍ക്കില്ല. എന്നാല്‍ അതു നിലനിന്നുപോകുന്നതിനെകുറിച്ചും തലപ്പത്തുള്ളവര്‍ക്ക് ചിന്ത വേണ്ടേ? ആഹാരം പാകം ചെയ്യുന്നവര്‍ നിലവില്‍ തന്നെ അസംതൃപ്തരാണ്. സമയത്തിന് കൂലി കിട്ടാറില്ല. പ്രധാനാദ്ധ്യാപകര്‍ പ്രയാസപ്പെട്ടാണ് നാട്ടുകാരുടെ സഹായത്തോടെ ഒരു വിധത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. അപ്പോഴാണ് കൂനിന്മേല്‍ കുരുപോലെ മെനു പരിഷ്‌കരണം വരുന്നത്. വിഭവങ്ങള്‍ കൂടുതല്‍ വേണം. പാചകത്തിന് ആളുകളും സമയവും വേണം. ഇതിനൊക്കെയുള്ള ഫണ്ട് എവിടെ? ആ ചോദ്യത്തിനു മാത്രം മറുപടിയില്ല.
അടുത്തിടെയുണ്ടായ സൂംബ വിവാദവും പരാമര്‍ശിക്കാതെ വയ്യ. കുട്ടികള്‍ക്ക് ശാരീരിക ക്ഷമത അനിവാര്യമാണ്. അദ്ധ്യാപകര്‍ക്കും. അതിനായി ഒരു പ്രത്യേക പദ്ധതികൊണ്ടുവരുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ല. ഒരു വലിയ സിസ്റ്റത്തെ അടിമുടി സ്വാധീനിക്കാവുന്ന ഒരു പരിഷ്‌കരണ പ്രവര്‍ത്തനം ഈ മട്ടിലാണോ തുടങ്ങേണ്ടിയിരുന്നത് എന്ന ചോദ്യം പ്രസക്തമല്ലേ? ഒരു തട്ടിലും ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നില്ല. ഒരു പ്രഭാതത്തില്‍ പരിശീലനപരിപാടിയുടെ ഭാഗമായി എവിടെയോ ഒരിടത്ത് സൂംബ പ്രത്യക്ഷപ്പെടുന്നു. അതൊരു സാംക്രമിക രോഗം പോലെ പടര്‍ന്നു പിടിക്കുന്നു. ഒരു വിഭാഗം പതിവു പോലെ എതിര്‍ക്കുന്നു. ഭരണ സംവിധാനം എന്തു ചെയ്താലും ന്യായീകരിക്കണമെന്നു തെറ്റിദ്ധരിച്ച സംഘടനകള്‍ വീറോടെ പ്രതിരോധിക്കുന്നു. അനാവശ്യ ധൃതിയുടെ ഫലമെന്തായി? സൂംബ വന്നതുപോലെ അപ്രത്യക്ഷമായി. ഓണപ്പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ തുറന്നാല്‍ പതിവുപോലെ കലോത്സവത്തിരക്കിലേക്ക് കാലുകുത്താനിരിക്കുന്നവര്‍ക്കുമുമ്പില്‍ എന്തു സൂംബാ?
മലബാറിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിക്കിടയില്‍ രണ്ടു പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ട് ഒരാഗ്രഹം പറഞ്ഞു. ആഘോഷദിനങ്ങളില്‍ യൂണിഫോമിനു പകരം കളര്‍ വസ്ത്രം ധരിക്കാന്‍ അനുവദിക്കണം. ന്യായമായ ആവശ്യം. യൂണിഫോം നടപ്പായ കാലം മുതല്‍ കുട്ടികള്‍ ഇതു പറയുന്നുണ്ട്. അദ്ധ്യാപകരും വകുപ്പിലെ ഓഫീസര്‍മാരും നിരന്തരം കേള്‍ക്കുന്നതുമാണ്. മന്ത്രി പക്ഷേ, ആദ്യമായാണ് ഇങ്ങനയൊരാവശ്യം കേള്‍ക്കുന്നത്. പിന്നെ മേലും കീഴും നോക്കിയില്ല. മധ്യകേരളത്തിലെത്തിയതും ഉത്തരവു പാസാക്കി. ഇനിമുതല്‍ ആഘോഷദിനങ്ങളില്‍ യൂണിഫോം വേണ്ട.
വാസ്തവത്തില്‍, കുട്ടികളുടെ മന:ശ്ശാസ്ത്രത്തിനു വിരുദ്ധമാണ് യൂണിഫോം. അത് പൂര്‍ണമായും ഒഴിവാക്കേണ്ടതുമാണ്. അതത്ര നല്ല രീതിയാണെങ്കില്‍ അദ്ധ്യാപകര്‍ക്കിടയില്‍ എന്തുകൊണ്ടു നടപ്പാക്കുന്നില്ല എന്ന ചോദ്യവും അന്തരീക്ഷത്തിലുള്ളതാണ്. അങ്ങനെ നോക്കിയപ്പോള്‍ മന്ത്രി ചെയ്തത് എത്ര നല്ല കാര്യം എന്നു തോന്നും.
എന്നാല്‍ വാത്സല്യപ്രകടനത്തിനിടയില്‍ മന്ത്രി മറന്നുപോയ ഒരു കാര്യമുണ്ട്. യൂണിഫോമല്ലാതെ കാണാന്‍ കൊള്ളാവുന്ന വസ്ത്രമില്ലാതെ പ്രയാസമനുഭവിക്കുന്ന കുട്ടികളും എണ്ണക്കുറവാണെങ്കിലും, ഈ നാട്ടിലുണ്ട്. അവരുടെ മുഖം മനസ്സില്‍ തെളിയുന്നതുകൊണ്ടാണ് കളറടിക്കാന്‍ പാങ്ങുള്ളവര്‍ വന്നു പറയുമ്പോള്‍ അദ്ധ്യാപകര്‍ മൗനം പാലിക്കുന്നത്. ഒരു സ്‌കൂളില്‍ അത്തരം ഒരു കുട്ടിയുണ്ടെന്നു കരുതുക. അദ്ധ്യാപകര്‍ ആ കുട്ടിക്കൊപ്പമേ നില്‍ക്കൂ. മാനുഷികതയുടെ മഹാസ്രോതസ്സായി അദ്ധ്യാപകവര്‍ഗം ഇന്നും പരിഗണിക്കപ്പെടുന്നതിനു പിന്നില്‍ ഇത്തരം കാരണങ്ങളുണ്ടെന്ന യാഥാര്‍ത്ഥ്യം പക്ഷേ, മന്ത്രിക്കറിയണമെന്നില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു യൂണിഫോം എന്ന മറ്റൊരാശയവും എന്തോ ഒരു തോന്നലിന്റെ അടിസ്ഥാനത്തില്‍ ഈ മന്ത്രി പ്രഖ്യാപിച്ചതും ആരും മറന്നിട്ടില്ല. ഇപ്പോള്‍ മന്ത്രിക്കു പോലും അക്കാര്യം ഓര്‍മ്മ കാണില്ലെന്നു മാത്രം.
അദ്ധ്യാപകരെ പാമ്പുപിടുത്തം പരിശീലിപ്പിക്കുമെന്ന പ്രഖ്യാപനത്തിനും ഏറെ പഴക്കമില്ല. അതിനെ പ്രഖ്യാപനമെന്നാണോ ഭീഷണിയെന്നാണോ വിളിക്കേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാം. സംസ്ഥാനത്തെ തൊഴില്‍ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ ഒരു ശ്രേണിയെ അധികൃതര്‍ എത്ര നിസാരമായാണു കാണുന്നതെന്നു നോക്കൂ. സ്‌കൂളിലും പരിസരങ്ങളിലും പാമ്പുശല്യമുണ്ടെങ്കില്‍ അതകറ്റാന്‍ അദ്ധ്യാപകരെ പാമ്പിനെ പിടികൂടുന്നതില്‍ പ്രവീണരാക്കുകയാണു വേണ്ടതെന്നു വിചാരിക്കുന്നവരെക്കുറിച്ച് കൂടുതലെന്തുപറയാന്‍! അദ്ധ്യാപകര്‍ ഇത്ര നിസാരരായി പരിഗണിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
വായനയ്‌ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും വേണ്ടത്ര ആലോചനകള്‍ക്കു ശേഷമല്ല വന്നത്. വിദ്യാര്‍ത്ഥികളില്‍ വായനാശീലം കുറയുന്നു. അത് അവരുടെ പഠന മികവിനെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ കുട്ടികളുടെ വായനാശീലം വളരണം. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മറ്റൊന്നാണ്. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ സ്‌കൂളുകളില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന പഠന- പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സാമാന്യധാരണയുള്ള ഒരാളും ഇങ്ങനെ പറയില്ല. അതിരിക്കട്ടെ. പാഠപുസ്തകങ്ങള്‍ക്കു പുറത്തുള്ള വായനയുടെ കാര്യമാണല്ലോ പറയുന്നത് പഠിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടി പുറം വായന നടത്തുന്നുണ്ട് എന്നുറപ്പുവരുത്തുന്നത് എങ്ങനെയാണ്? അധികവായന പഠനത്തിന്റെ ഭാഗമായി, സ്വാഭാവികമായി, നടക്കേണ്ടതല്ലേ? കേരളത്തിലെ ഒരു കുട്ടി മൂന്നു ഭാഷകളും അതിലധികം ഭാഷേതര വിഷയങ്ങളും പഠിക്കുന്നുണ്ട്. ഇതോരോന്നുമായും ബന്ധപ്പെട്ട അധികവായന അനിവാര്യമാണ്. എല്ലാ വിഷയവുമായും ബന്ധപ്പെട്ട മികച്ച കൃതികള്‍ ബാലസാഹിത്യവിഭാഗത്തില്‍ തന്നെ കിട്ടുന്ന നാടാണിത്. അതൊക്കെ കണ്ടെത്തുന്നതും ആസ്വദിച്ചു വായിച്ചു കുറിപ്പുണ്ടാക്കുന്നതുമൊക്കെ അതതു വിഷയങ്ങള്‍ കൈര്യം ചെയ്യുന്ന അദ്ധ്യാപകരിലൂടെ പകര്‍ന്നു കിട്ടുന്ന പ്രേരണയിലൂടെയല്ലേ? അങ്ങനെ നേടുന്ന അധിക അറിവുകളുടെ വിനിമയവും അതതു ക്ലാസുകളിലൂടെ നടക്കേണ്ടതല്ലേ? ഇതില്‍ എവിടെയാണ് ഗ്രേസ് മാര്‍ക്കിന്റെ സ്ഥാനം? ആവശ്യം? അതിന്റെ മാനദണ്ഡം എന്തായിരിക്കും?
ഇനി പത്രപാരായണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒന്നിലധികം പത്രങ്ങള്‍ ഓരോ ക്ലാസിലും സ്‌പോണ്‍സര്‍മാര്‍ വഴി സൗജന്യമായി കിട്ടുന്ന സ്‌കൂളുകളാണ് കൂടുതലും അതു വായിക്കുന്നതിന് ഗ്രേസ് മാര്‍ക്ക് നല്‍കുകയെന്നാല്‍ നമുക്കുണ്ടെന്ന് നാം ഘോഷിക്കുന്ന പഠന നിലവാരത്തെ ഇകഴ്‌ത്തലല്ലേ?
ഹൈസ്‌കൂളിലെത്തുന്നതോടെ മഹാഭൂരിപക്ഷം കുട്ടികളും സമാന്തര പഠനത്തില്‍ ഏര്‍പ്പെടുന്നതാണു കാണുന്നത്. സ്‌കൂളില്‍ ചെലവഴിക്കുന്ന അത്രതന്നെ സമയം സമാന്തര സ്ഥാപനത്തിലും അവര്‍ ചെലവിടുന്നു. ട്യൂഷന്‍ എവിടെയുമില്ല. പഠന പ്രവര്‍ത്തനങ്ങള്‍ തന്നെ നേരാം വണ്ണം ചെയ്തു തീര്‍ക്കാന്‍ ഇതു കാരണം കുട്ടികള്‍ക്കാവുന്നില്ല. പിന്നെ അവരെങ്ങനെ അധികവായനക്ക് സമയം കണ്ടെത്തും?
ഇനി ഗൗരവമായ അധികവായനയിലൂടെ പഠനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ദീര്‍ഘകാല പദ്ധതിയാണ് ലക്ഷ്യമെങ്കില്‍ രണ്ടു കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ചെയ്യേണ്ടതുണ്ട്. ഒന്ന്, അധികവായനയ്‌ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത്ര സമയം കിട്ടുന്ന വിധം, വിദഗ്ധര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടും വിധം, സ്‌കൂളുകളുടെ സമയക്രമം മാറ്റണം. ഉച്ചയോടെ ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ സ്വതന്ത്രരാകണം. രണ്ട് സമാന്തര പഠനം ആവശ്യമായി തോന്നാത്തവിധം സ്‌കൂള്‍ പഠനത്തിന്റെ ഗുണനിലവാരമുയര്‍ത്താന്‍ നടപടി സ്വീകരിക്കണം.
ഓണപ്പരീക്ഷയ്‌ക്ക് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തണമെന്നും അതു നേടാത്തവര്‍ പ്രത്യേക ക്ലാസുകള്‍ക്കു വിധേയരാകണമെന്നുമുള്ള അവസാനം വന്ന പ്രഖ്യാപനവും ആവശ്യമായ ആലോചനകള്‍ക്കു ശേഷമുള്ളതല്ല. അദ്ധ്യാപകര്‍ക്ക് ഇതെക്കുറിച്ചൊന്നും വലിയ ധാരണയില്ല. റമഡിയല്‍ ക്ലാസുകള്‍ എങ്ങനെയാകണമെന്നോ അതെങ്ങനെ ആസൂത്രണം ചെയ്യണമെന്നോ അവര്‍ക്കറിയില്ല. അദ്ധ്യാപകരെ മുഖവിലയ്‌ക്കെടുക്കാതെയുള്ള ഏതു നീക്കവും പരാജയത്തില്‍ കലാശിക്കുമെന്നതിന് എത്രയെങ്കിലും അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. പക്ഷേ, അതൊന്നും മന്ത്രിക്കോ അനുചരവൃന്ദത്തിനോ ബോധിക്കുന്നില്ല. ഒന്നിനു പിറകെ ഒന്നായി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല, തോന്നുമ്പോള്‍ തോന്നുന്നതു നടപ്പാക്കാനുള്ള ഇടങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഗണിക്കപ്പെടുന്നത് അത്ര നല്ലതല്ല.















