ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ബുർജ് ഖലീഫയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ രണ്ടാം സ്ഥാനത്തുള്ള കെട്ടിടം ഏതാണെന്നറിയുമോ? മലേഷ്യയിലെ ക്വാലാലംപൂരിലുള്ള മെർഡേക്ക 118 എന്ന അംബരചുംബിയാണ് രണ്ടാം സ്ഥാനത്ത്. ചൈനയിലെ ഷാങ്ഹായി ടവറിനെ മറികടന്നാണ് മെർഡേക്ക രണ്ടാംസ്ഥാനത്തെത്തിയത്. ഇപ്പോഴിതാ മെർഡേക്ക 118ന്റെ മുകൾനിലയിൽ പ്രവർത്തനമാരംഭിച്ച പാർക്ക് ഹയാത്ത്, ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലായി മാറിയിരിക്കുകയാണ്.
678.9 മീറ്റർ ഉയരത്തിലാണ് ക്വാലാലംപൂരിന്റെ ആകാശത്തെ തൊട്ടുകൊണ്ട് മെർഡേക്ക 118 പ്രൗഢിയോടെ നിൽക്കുന്നത്. ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണെങ്കിലും തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മെർഡേക്ക 118 ആണ്
മൂന്ന് ഘട്ടങ്ങളിലായാണ് മെർഡേക്ക 118 ന്റെ നിർമാണം പൂർത്തിയായത്. 400,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിൽ റെസിഡൻഷ്യൽ സൗകര്യങ്ങൾ, ഹോട്ടൽ, വാണിജ്യ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമേ ഷോപ്പിങ് മാൾ, ഫുഡ് കോർട്ട്, വിനോദത്തിനുളള പ്രത്യേക സൗകര്യങ്ങൾ എന്നിവയുമുണ്ട്.
ഫൈൻ ആർട്സ്, വ്യക്തിഗത സേവനം, ഗോർമെറ്റ് ഡൈനിങ്ങ് എന്നിവയ്‌ക്ക് പേരുകേട്ട ആഡംബര ഹോട്ടൽ ബ്രാൻഡാണ് പാർക്ക് ഹയാത്ത്. അതിനാൽ മലേഷ്യയുടെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം ആഡംബര സൗകര്യങ്ങളും ഇവിടെ അനുഭവിച്ചറിയാം. 118 നിലകളുള്ള കെട്ടിടത്തിന്റെ 75 മുതൽ 114 വരെയുള്ള നിലകളിലായാണ് പാർക്ക് ഹയാത്ത് സ്ഥിതിചെയ്യുന്നത്. തീംഡ് ബാർ, വെൽനെസ്സ് സാങ്ച്വറി, ഇൻഫിനിറ്റി പൂൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം പാർക്ക് ഹയാത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.











