ഭാരതീയ കൃഷിദേവനായ ഭഗവാന്‍ ബലരാമന്റെ ജന്മദിനമാണ് ഇന്ന്. കൃഷിയുടെ കരുത്തായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ അടിസ്ഥാന ഘടകങ്ങളുടെ സംരക്ഷണത്തിനും അവയുടെ ന്യായമായ ഉപയോഗത്തിനും വേണ്ടി പോരാടിയ അവതാരം. ഭാദ്രപദമാസത്തിലെ ഹല ഷഷ്ഠിയില്‍ വിവിധ പരിപാടികളോടെ രാജ്യമെമ്പാടും ‘ദേശീയ കര്‍ഷക ദിനം’ കൊണ്ടാടുമ്പോള്‍ നവകാല ഭാരതീയ കര്‍ഷക കുലം ആര്‍ജിച്ചെടുത്ത കാര്‍ഷിക മികവിന് നിരവധി ഉദാഹരണങ്ങളുണ്ട്.
ലോക ജനസംഖ്യയുടെ പതിനെട്ടു ശതമാനം ആളുകള്‍ വസിക്കുന്ന നാടാണ് ഭാരതം. ആഗോള ജൈവ വൈവിധ്യത്തിന്റെ ഒന്‍പതു ശതമാനവും ലോകത്തിലെ കന്നുകാലി സമ്പത്തിന്റെ പതിനേഴ് ശതമാനവും ലോക ഭൂവിസ്തൃതിയില്‍ 2.3 ശതമാനം ഭൂമി മാത്രമുള്ള ഭാരതത്തിലാണുള്ളത്. ഭാരതത്തിലാകെ ഏകദേശം 16 കോടി ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമിയാണുള്ളത്. ഇവിടെ 55 ശതമാനത്തോളം ആളുകള്‍ കൃഷിയിലേര്‍പ്പെട്ടിരിക്കുന്നു. അവരില്‍ത്തന്നെ 14.6 കോടി ചെറുകിട നാമമാത്ര കര്‍ഷക കുടുംബങ്ങളാണുള്ളത്. രാജ്യത്തിന്റെ ജിഡിപി യില്‍ 23.2 ശതമാനം സംഭാവന നല്‍കിക്കൊണ്ട് കര്‍ഷകര്‍ മുന്നേറുന്നു. കാര്‍ഷിക ഉത്പാദനത്തില്‍ ഭാരതം രണ്ടാം സ്ഥാനത്താണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പലപ്പോഴും ഭക്ഷ്യവിഭവങ്ങളുടെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇറക്കുമതിയേയും വികസിത രാജ്യങ്ങളുടെ ഭക്ഷ്യധാന്യ സഹായത്തേയും ആശ്രയിച്ചിരുന്നു. എന്നാല്‍ 2024 -25 വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് നാം സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. 2014 ല്‍ രാജ്യത്തെ ജനസംഖ്യയില്‍ ഓരോ വ്യക്തിക്കും ഏകദേശം 71 കിലോഗ്രാം ഗോതമ്പും 80 കിലോഗ്രാം അരിയും നമ്മുടെ കര്‍ഷകര്‍ ഉത്പാദിപ്പിച്ചുവെങ്കില്‍ 2024 ല്‍ എത്തിയപ്പോഴേക്കും അത് യഥാക്രമം 93 കിലോഗ്രാമും 102 കിലോഗ്രാമുമായി വര്‍ധിച്ചു. അതുകൊണ്ടാണ് ഭാരതത്തിലെ അധ്വാനശീലരും സമര്‍ത്ഥരുമായ കര്‍ഷക സമൂഹത്തിന്റെ കഠിന പ്രയത്‌നത്തിലൂടെ ‘ഭാരതത്തില്‍ ഒരു കാര്‍ഷിക വസന്തം പിറന്നിരിക്കുന്ന’തായി ലോകം വിലയിരുത്തുന്നത്.
കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ മാത്രമല്ല കുറഞ്ഞ ഭൂമിയില്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകര്‍ പരിശ്രമിക്കുന്നു. നെല്ലുല്പാദനത്തില്‍ ആഗോള റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഭാരതവും ചൈനയും മത്സരിക്കുകയാണ്. ചൈന നാഷണല്‍ ഹൈബ്രിഡ് റൈസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ഒരു ഹെക്ടറില്‍ 19-ടണ്‍ നെല്ലുല്പാദിപ്പിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ബിഹാറിലെ കര്‍ഷകനായ സുമന്ത് കുമാര്‍ തുടര്‍ച്ചയായി മൂന്നു വിളകാലങ്ങളില്‍ ഹെക്ടറൊന്നിന് 22.2, 22.4, 23.3 ടണ്‍ വീതം നെല്ലുല്പാദിപ്പിച്ചുകൊണ്ട് ചൈനീസ് റെക്കോര്‍ഡ് മറികടന്നിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള ഒരു കര്‍ഷക സമൂഹം ഭാരതത്തിലുടലെടുത്തു കഴിഞ്ഞുവെന്ന് ഇത്തരം ചരിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ ദേശീയ കര്‍ഷക ദിനത്തില്‍ അവരെ നമസ്‌കരിക്കാതിരിക്കാന്‍ ആവില്ല. ഭാരതത്തിലെ ജനസംഖ്യയില്‍ 55 ശതമാനം പേരുടെ പ്രാഥമിക (ഗ്രാമങ്ങളില്‍ 70 ശതമാനം) ഉപജീവന മാര്‍ഗമാണ് കൃഷി. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന അരിയുടെ 43 ശതമാനം ഇന്ത്യന്‍ റൈസ് ബെല്‍റ്റില്‍ നിന്നാണ് വരുന്നത്. പാല്‍, പയറുവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തും പഴം, പച്ചക്കറി, തേയില, മത്സ്യം, പരുത്തി, പഞ്ചസാര എന്നിവയുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുമാണ് ഭാരതം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭാരതത്തില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങളുടെ കയറ്റുമതി 47.5 % കൂടി. നിലവില്‍ ഇവിടെ നിന്ന് 85-ല്‍ അധികം രാജ്യങ്ങളിലേക്ക് പുതിയ പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കയറ്റുമതി മൂല്യം 47% വര്‍ദ്ധിച്ചു 986-ദശലക്ഷം യു എസ് ഡോളറിലെത്തി. കേവലം 200-കോടി രൂപമാത്രം വരുമാനമുണ്ടായിരുന്ന ഇവിടുത്തെ കടല്‍ പായല്‍ കൃഷി 1.6 ദശലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനമേകി 377.19 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യത്തിലേക്ക് കുതിച്ചുകയറുകയാണ്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (APEDA)യുടെ കണക്കനുസരിച്ച് ഭാരതത്തിന്റെ ലഹരിപാനീയ വ്യവസായത്തിന് 8535 കോടി രൂപയുടെ മുന്നേറ്റമുണ്ടായി.
ഉത്പാദനം, ഉപയോഗം, കയറ്റുമതി എന്നിവയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ഭാരതത്തിന്റെ കാര്‍ഷികാനുബന്ധ മേഖലയായ ഭക്ഷ്യ സംസ്‌കരണ വ്യവസായം വലിയ പരിവര്‍ത്തന ഘട്ടത്തിലാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ വിപണിയുടെ 34% തനതായ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ ഭാഗമാണ്.

കയറ്റുമതിയുടെ ചിത്രം ഇങ്ങനെയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ വിപണിയെന്ന നിലയില്‍ ഭാരതത്തിലുണ്ടാകുന്ന എല്ലാത്തരം ചലനങ്ങളും ആഭ്യന്തര ഉത്പാദന മേഖലകളിലെ ഉത്പാദന മുന്‍ഗണനകളെ മാറ്റങ്ങള്‍ക്ക് വിധേയമാക്കും.
അമേരിക്കയുടെ അധിക തീരുവ നയങ്ങള്‍ ഭാരതീയ സമ്പദ് വ്യവസ്ഥയെ പരിക്കേല്‍പിക്കുമെന്ന് വാദിക്കുന്നവരുണ്ട്. അത് ഇവിടുത്തെ കര്‍ഷകനെ കഷ്ടത്തിലാക്കുമെന്നും ചിലര്‍ പറയുന്നു. അവര്‍ നമ്മുടെ ആഭ്യന്തര വിപണിയുടെ കരുത്ത് മനസിലാക്കിയിട്ടില്ല. സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ആവശ്യകത ഇവിടെ കുതിച്ചുയര്‍ന്നിരിക്കുകയാണ്. ലോകത്തെവിടെ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളെക്കാളും ഗുണമേന്മയേറിയ ഉത്പന്നങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
ഭാരതീയ ജൈവ വിപണിയില്‍ മാത്രം ഉത്പന്നങ്ങള്‍ക്ക് 2022 -25 കാലയളവില്‍ 25.25 ശതമാനം ആവശ്യക്കാര്‍ വര്‍ദ്ധിച്ചു. 2020 മുതലുള്ള അഞ്ചു വര്‍ഷക്കാലമായി കാര്‍ഷിക-അനുബന്ധ മേഖലകളില്‍ വലിയ നിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃഷി -കര്‍ഷക ക്ഷേമ വകുപ്പിനുള്ള ബജറ്റ് വിഹിതം 2024-25-ല്‍ 1,22,528.77 കോടി രൂപയായിരുന്നു.
ഇങ്ങനെയുള്ള മുന്നേറ്റങ്ങള്‍ക്കിടയിലും കാര്‍ഷിക മേഖലയിലെ ഉത്പാദനക്ഷമതയെയും സുസ്ഥിരതയേയും ബാധിക്കുന്ന നിരവധി വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. അതും കര്‍ഷകര്‍ മറികടക്കുമെന്നതില്‍ തര്‍ക്കമില്ല. കര്‍ഷക കൂട്ടായ്‌മകളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളും കമ്പനികളും വിവിധ കര്‍ഷക സഹകരണ സംഘങ്ങളും ഭാരതത്തിലെ കര്‍ഷക ചുവടുമാറ്റത്തിന്റെ സൂചകങ്ങളാണ്. എങ്കിലും കാര്‍ഷിക രംഗത്ത് സമഗ്രമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്.
പരമ്പരാഗത കാര്‍ഷിക വിജ്ഞാനവും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗവും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ട് കാര്‍ഷിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കാലമേല്‍പ്പിക്കുന്ന ദൗത്യം. ഗോ -കൃഷി -വാണിജ്യം എന്നത് സാംസ്‌കാരികവും ധാര്‍മികവും സാമ്പത്തികവുമായ ഒരു കാര്‍ഷിക നയമായിത്തീരണം. കര്‍ഷകരുടെ ആത്മാഭിമാന ബോധം ഉയരണം. ദേശീയ ബോധമുള്ള ഭാരതീയ കര്‍ഷക സമൂഹത്തിന്റെ ചരിത്രം തന്നെയാണ് നമ്മുടെ നാടിന്റെ ചരിത്രം. കൃഷിയെ സംസ്‌കാരമാക്കി മാറ്റിയ പൂര്‍വികരുടെ പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പവിത്ര പാരമ്പര്യമാണത്. ബലരാമന്‍ അതിന്റെ പ്രതീകവും.
(ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അധ്യക്ഷനും പ്രമുഖ കാര്‍ഷിക സംരംഭകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍ )











