ഇടുക്കി:മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒന്‍പത് അണക്കെട്ടുകളില്‍ ചുവപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കി.
കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ബാണാസുര സാഗര്‍ അണക്കെട്ടുകളിലാണ് ചുവപ്പ് ജാഗ്രത.ജലസേചന വകുപ്പിന്റെ മീങ്കര, വാളയാര്‍, പോത്തുണ്ടി അണക്കെട്ടുകളിലും ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
മാട്ടുപെട്ടി, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത് ഡാമുകളിലും മീങ്കര , വാളയാര്‍, പോത്തുണ്ടി ഡാമുകളിലും മുന്‍കരുതലെന്ന നിലയില്‍ ജലം തുറന്നു വിടുന്നുണ്ട്.അണക്കെട്ടുകളുടെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇടുക്കി ഡാമില്‍ സംഭരണശേഷിയുടെ 74.37% ജലമുണ്ട്.
അതിനിടെ, ആറ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്. വെളളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്.
















