പട്‌ന: പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. ജയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്.
നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളായ റാവൽപിണ്ടി സ്വദേശി ഹസ്നൈൻ അലി, ഉമർകോട്ട് സ്വദേശി ആദിൽ ഹുസൈൻ, ബഹവൽപുർ സ്വദേശി മുഹമ്മദ് ഉസ്മാൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് ഭീകരരുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ആഗസ്റ്റില്‍ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ എത്തിയ ഭീകരർ, കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലേക്ക് കടന്നതായി പോലീസ് പറഞ്ഞു.ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിഹാറിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സംശയിക്കുന്ന ആളുകളുടെ പാസ്പോർട്ട് രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ ശക്തമായ പരിശോധന നടത്തണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
















