വാഷിങ്ടണ്‍: മോര്‍ട്ട്ഗേജ് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഗവര്‍ണറെ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് ഗവര്‍ണറായ ലിസ കുക്കിനെ അഭിസംബോധന ചെയ്‌തെഴുതിയ കുറിപ്പില്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍നിന്ന് ഉടനടി അവരെ മാറ്റുമെന്ന തീരുമാനത്തെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്.
അതേസമയം, തന്നെ നീക്കാന്‍ ട്രംപിന് അധികാരമില്ലെന്നും രാജിവയ്‌ക്കില്ലെന്നും കുക്ക് വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. ട്രംപിന്റെ നിയമവിരുദ്ധമായ നടപടിക്കെതിരെ എന്തു നടപടികള്‍ എടുക്കണോ അതെടുക്കുമെന്ന് കുക്കിന്റെ അഭിഭാഷകനും വ്യക്തമാക്കി.
മോര്‍ട്ട്ഗേജ് തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ലിസ കുക്കിനെതിരെ ട്രംപ് ഉന്നയിക്കുന്നത്. ട്രംപ് തന്നെ നിയമിച്ച ഫെഡറല്‍ ഹൗസിങ് ഫിനാന്‍സ് ഏജന്‍സി മേധാവി ബില്‍ പുള്‍ട്ടേ ആണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്.
അതേസമയം, ആരോപണങ്ങള്‍ക്ക് നിയമപരമായ തെളിവുകള്‍ പുറത്തുവന്നിട്ടില്ല. പുള്‍ട്ടേയുടെ ആരോപണത്തെത്തുടര്‍ന്ന് കുക്കിനോട് രാജിവയ്‌ക്കണമെന്ന് ട്രംപ് ഈ മാസം 20ന് ആവശ്യപ്പെട്ടിരുന്നു.
ഫെഡറല്‍ റിസര്‍വ് ഗവര്‍ണറായി ചുമതല വഹിക്കുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജ യാണ് കുക്ക്.
















